ആലുവ: ആലുവ മേഖലയിൽ കൊവിഡ് വ്യാപനം രൂക്ഷമായിട്ടും എഫ്.എൽ.ടി.സി, ഡി.സി.സികൾ തുറക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായി. ആലുവ നഗരസഭ, കീഴ്മാട്, എടത്തല, ചൂർണിക്കര, കടുങ്ങല്ലൂർ തുടങ്ങിയ പഞ്ചായത്തുകളിലൊന്നും ഇതുവരെ എഫ്.എൽ.ടി.സികളോ ഡി.സി.സികളോ ആരംഭിച്ചിട്ടില്ല.
രോഗവ്യാപനത്തെത്തുടർന്ന് നാല് പഞ്ചായത്തുകളും പൂർണമായും നഗരസഭയിലെ എട്ടുവാർഡുകളും കണ്ടെയ്ൻമെന്റ് സോണിലാണ്. ചൂർണിക്കരയിലും കടുങ്ങല്ലൂരിലും ഭരണകക്ഷിയിൽപ്പെട്ടവരാണ് ആദ്യം പ്രതിഷേധം ഉയർത്തിയത്. ചൂർണിക്കരയിൽ അറുനൂറോളംപേരും മറ്റിടങ്ങളിലെല്ലാം ശരാശരി മുന്നൂറുപേർ വീതവും കൊവിഡ് ബാധിതരായിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം കോളനികളുള്ളതാണ് രോഗവ്യാപനത്തിന് വഴിവെക്കുന്നത്. കോളനികളിൽ താമസിക്കുന്നവർക്ക് രോഗം ബാധിച്ചാൽ മാറിത്താമസിക്കുന്നതിനുപോലും സൗകര്യമില്ല. കൊവിഡ് ആദ്യഘട്ടം ബാധിച്ചപ്പോൾ സന്നദ്ധ സംഘടനകൾ നൽകിയ കിടക്കകളും മറ്റും ഉണ്ടായിട്ടും എഫ്.എൽ.ടി.സികൾ ആരംഭിക്കാത്തത് അധികൃതരുടെ അലംഭാവമാണെന്നാണ് ആക്ഷേപം.
പ്രവർത്തനങ്ങൾ മന്ദഗതിയിൽ
ആദ്യഘട്ടം കൊവിഡ് വ്യാപിച്ചപ്പോൾ മിന്നൽ വേഗത്തിലാണ് കാര്യങ്ങൾ നീക്കിയത്. തിരഞ്ഞെടുപ്പുകളെല്ലാം കഴിഞ്ഞതോടെ വേഗതയില്ലാതായെന്നാണ് ആക്ഷേപം. വഴിയോരങ്ങളിലും മറ്റും അന്തിയുറങ്ങുന്നവർക്കാിരള്ള ഡി.സി.സിക്കാണ് എടത്തലയിൽ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുള്ളത്. ശാന്തിഗിരിയിൽ ഒരുക്കങ്ങൾ തുടരുന്നതിനിടെയാണ് പ്രസിഡന്റും സെക്രട്ടറിയും ക്ളാർക്കുമുൾപ്പെടെ കൊവിഡ് ബാധിതരായത്.
എഫ്.എൽ.ടി.സി തുടങ്ങാൻ ജില്ലാ ഭരണകൂടം പണം അനുവദിച്ചിട്ടുണ്ട്. സജ്ജീകരണങ്ങൾ ആയെങ്കിലും കളക്ടറുടെ അനുമതി വൈകുന്നതാണ് എഫ്.എൽ.ടി.സി തുറക്കുന്നത് വൈകാൻ കാരണമെന്നാണ് കടുങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറി പ്രതിഷേധക്കാരോട് പറഞ്ഞത്. ആലുവ നഗരസഭയാണെങ്കിൽ ജില്ലാ ആശുപത്രിയിൽ സൗകര്യമുണ്ടെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.
ബി.ജെ.പി കൗൺസിലർമാരുടെ ധർണ
കൊവിഡ് വ്യാപനം രൂക്ഷമായിട്ടും ആലുവ നഗരസഭയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തുടങ്ങാത്തതിൽ പ്രതിഷേധിച്ച് നഗരസഭയിലെ ബി.ജെ.പി കൗൺസിലർമാർ നഗരസഭ കാര്യാലയത്തിന് മുമ്പിൽ ധർണ നടത്തി. രണ്ടാഴ്ച മുമ്പ് ചെയർമാനോട് ആവശ്യം ഉന്നയിച്ചപ്പോൾ രണ്ട് ദിവസത്തിനകം തുറക്കുമെന്നാണ് പറഞ്ഞത്. എന്നാൽ നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ധർണ നടത്തിയതെന്ന് ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റും കൗൺസിലറുമായ പി.എസ്. പ്രീത പറഞ്ഞു. ശ്രീലത രാധാകൃഷ്ണൻ, ഇന്ദിരാദേവി, എൻ. ശ്രീകാന്ത് എന്നിവരും പങ്കെടുത്തു. അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചു.