കൊച്ചി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും കൊവിഡ് മാനദണ്ഡങ്ങളും ലംഘിച്ച് തേവരയിലെ സംസ്ഥാന ജി.എസ്.ടി ജോയിൻ്റ് കമ്മിഷണറുടെ കാര്യാലയത്തിൽ നടത്തിയ ഇന്റർവ്യൂ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടസ്സപ്പെടുത്തി. എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ നിന്നാണ് അഭിമുഖം നടത്തി നിയമനം നടത്തേണ്ടത്. ലിസ്റ്റിലുള്ള ഭൂരിഭാഗം ആളുകളും ശാരീരിക വൈകല്യമുള്ളവരും ഭിന്നശേഷിക്കാരുമാണ് . നിലവിലെ സാഹചര്യത്തിൽ അഭിമുഖം മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് ടി.ജെ. വിനോദ് എം എൽ എ നേരത്തെ കത്ത് നൽകിയിരുന്നു. എന്നാൽ ജോയിന്റ് കമ്മിഷണർ അഭിമുഖവുമായി മുന്നോട്ട് പോവുകയായിരുന്നു.
ഉദ്യോഗാർത്ഥികളിൽ നിന്നടക്കം പരാതികൾ വന്നതോടെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണിയുടെ നേതൃത്വത്തിൽ സംസ്ഥാന സെക്രട്ടറി ജിൻഷാദ് ജിന്നാസ്, ബ്ലോക്ക് പ്രസിഡന്റ് സിജോ ജോസഫ് , മണ്ഡലം പ്രസിഡന്റ് അബിൻ ദേവസി എന്നിവരെത്തി അഭിമുഖം തടസപ്പെടുത്തുകയായിരുന്നു. തുടർന്ന് നടന്ന ചർച്ചയിൽ അഭിമുഖം മാറ്റി വയ്ക്കാമെന്ന് ജോ. കമ്മിഷണർ ഉറപ്പ് നൽകി. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കെ തിടുക്കപ്പെട്ട് നിയമനം നടത്തുവാനുള്ള നീക്കം ഭരണകക്ഷിയുടെ ആശ്രിതരെ തിരുകി കയറ്റാൻ വേണ്ടിയാണെന്ന് ടിറ്റോ ആന്റണി ആരോപിച്ചു. ഒഴിവുള്ള തസ്തികയിലേക്ക് താൽക്കാലികമായി കുടുംബശ്രീ മുഖേന ദിവസ വേതന അടിസ്ഥാനത്തിൽ ആളെ നിയമിക്കാമെന്നിരിക്കെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ കാറ്റിൽ പറത്തി തിരക്കിട്ട് അഭിമുഖം നടത്തി ആളെ നിയമിക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും ടിറ്റോ പറഞ്ഞു.