mura-i
ഫാമിൽ വളർച്ച പൂർത്തിയായിവരുന്ന മുറാ പോത്തുകൾ

മൂവാറ്റുപുഴ: ഗ്രാമങ്ങളിലെ ചന്തകളിലും സൂപ്പർമാർക്കറ്റുകളിലും കോൾഡ് സ്റ്റോറേജുകളിലും സുലഭമായി കിട്ടിയിരുന്ന നാടൻ പോത്തിറച്ചി അപ്രത്യക്ഷമാകുന്നു. ഹരിയാനയുൾപ്പെടുന്ന അന്യസംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്ന 'മുറാ' ഇനത്തിൽപ്പെട്ട പോത്തുകളാണ് വിപണിയിൽ ഇപ്പോൾ കൂടുതൽ വില്പനക്കുള്ളത്. പോത്തിറച്ചി വിപണി ചുരുങ്ങിയ കാലം കൊണ്ടാണ് മുറാ കൈയടക്കിയത്. എട്ടു മാസം മുതൽ ഒരുവയസുവരെയുള്ള മുറാകളെ തീറ്റകൊടുത്ത് വലുതാക്കി ഇറച്ചിക്കായി ചില്ലറ വില്പനക്കാരെ ഏൽപ്പിക്കുന്നതാണ് കച്ചവടരീതി. ഇവയ്ക്ക് 120കിലോ മുതൽ 180കിലോവരെ തൂക്കമുണ്ടാകും. ഈയിനത്തിലെ പോത്തുകൾക്ക് നല്ല പ്രതിരോധശേഷിയുണ്ട്.

കിഴക്കൻ മേഖലയുടെ പ്രധാന ഭാഗങ്ങളായ മൂവാറ്റുപുഴ, കോതമംഗലം, വാഴക്കുളം എന്നിവിടങ്ങളിലാണ് കച്ചവടം കൂടുതലുള്ളത്. നാടൻ പോത്തിറച്ചിയുടെ അതേവില തന്നെയാണ് ഇതിന്റെയും വിപണിയിലെവില. കിലോക്ക് 320 രൂപ മുതൽ 400 രൂപവരെ. മുറപോത്തുകളും, നാടൻ പോത്തുകളും താരതമ്യേന സമാനരൂപസാദൃശ്യമുള്ളതാണ്. അതിനാൽ ഇവയുടെ വ്യത്യാസം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്.