തോപ്പുംപടി: കൊവിഡിന്റെ രണ്ടാം വരവ് പിടിമുറുക്കിയതോടെ സംസ്ഥാനത്തിന്റെ ടൂറിസംമേഖല നിശ്ചലമായി. ജില്ലയിലെ പ്രധാന ടൂറിസം മേഖലയായ ഫോർട്ട് കൊച്ചി പൂർണമായും അടച്ചു. ജൂതപ്പള്ളി, മട്ടാഞ്ചേരി കൊട്ടാരം, സെന്റ് ഫ്രാൻസിസ് പള്ളി, ഫോർട്ട് കൊച്ചി ബീച്ച് എന്നിവ പൂർണമായും അടച്ചു. ഇതോടെ ബീച്ച് പരിസരത്ത് വസ്ത്ര വിൽപ്പന നടത്തുന്നന കാശ്മീരികളും കര കൗശല വിൽപ്പനക്കാരും ദുരിതത്തിലായി. ഹോംസ്റ്റേ ഉടമകളും നിരാശയിലാണ്.
എന്നാൽ, ഇവർക്ക് കോർപ്പറേഷൻ നികുതി, കെ.എസ്.ഇ.ബി ബിൽ എന്നിവയ് ക്ക് ഒരു ഇളവുകളും അധികാരികൾ നൽകിയില്ല. സർക്കാർ ഉത്തരവ് നൽകി ബാങ്ക് ലോൺ അനുവദിച്ചെങ്കിലും ലഭിച്ചില്ലെന്ന് പരാതി ഉണ്ട്. അതുപോലെ കായൽ ടൂറിസവും തകർന്നു. ടൂറിസ്റ്റ് ടാക്സി, യുബർ, ഓട്ടോറിക്ഷ തൊഴിലാളികളും കരിനിഴലിലായി. ഇനി എന്ന് തുറക്കുമെന്ന് സർക്കാരിൽ നിന്നും അറിയിപ്പ് ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന ഭാരവാഹി എം.പി.ശിവദത്തൻ കേരളകൗമുദിയോട് പറഞ്ഞു. ടൂറിസം മുന്നിൽ കണ്ടു കൊണ്ട് കെ.എസ്.ആർ.ടി.സി മൂന്നാറിൽ തുടങ്ങിയ പല പദ്ധതികളും പെരുവഴിയിലായി. കുറഞ്ഞ നിരക്കിൽ മൂന്നാർ ചുറ്റി കാണാനും രാത്രി കാലങ്ങളിൽ എ.സി.ബസിൽ അന്തിയുറങ്ങാനും ഒരുക്കിയ പദ്ധതിയാണ് പാളിയത്. ഇത് വിജയമാകുന്ന പക്ഷം മറ്റു സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ കെ.എസ്.ആർ.ടി.സി ലക്ഷ്യമിട്ടിരുന്നു.