കൊച്ചി: വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാ‌‌ർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ കൊല്ലം പട്ടാഴി സ്വദേശി ജസ്റ്രിൻ ജെയിംസിനെ (32) മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തു. പലരിൽ നിന്നായി അരക്കോടിയോളം രൂപ ഇയാൾ തട്ടിയതായാണ് പ്രാഥമിക നിഗമനം.

സംസ്ഥാനത്തെ 12 ജില്ലകളിൽ നി​ന്നുള്ള 150ലധികം പേ‌ർ ജസ്റ്റിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എറണാകുളം സ്വദേശിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ഇന്നലെ ഉച്ചയോടെ കൊച്ചിയിലെ ഹോട്ടലിൽ നിന്നാണ് ജസ്റ്റിനെ അറസ്റ്റ് ചെയ്തത്.

എറണാകുളം സെൻട്രൽ എ.സി.പി എ.ജെ.തോമസിന്റെ നേതൃത്വത്തിൽ മുളവുകാട് എസ്.എച്ച്.ഒ സുനിൽ രാജ്, എസ്.ഐ മരിയ ജയപ്രകാശ്, ശ്രീജിത്ത്, സി.പി.ഒമാരായ രാജേഷ്, സുരേഷ്,തങ്കരാജ്, അരുൺ ജോഷി, സുധി എന്നിവ‌ർ ചേ‌ർന്നാണ് പ്രതിയെ പിടികൂടിയത്.

 ആദ്യം ഇര​, പി​ന്നെ തട്ടി​പ്പുകാരൻ

ഫയർ ആൻഡ് സേഫ്റ്റി​ വിദ്യാഭ്യാസമുള്ള ജസ്റ്രിൻ നേരത്തെ സമാനമായ തൊഴിൽ തട്ടിപ്പിന് ഇരയായിട്ടുണ്ട്. അന്ന് പണം നഷ്ടപ്പെട്ട ഇയാൾ അതേ തന്ത്രവുമായി​ തട്ടി​പ്പി​നി​റങ്ങുകയായി​രുന്നു.

ഒ.എൽ.എക്സ് വഴി പരസ്യം നൽകിയാണ് ഉദ്യോഗാ‌‌ർത്ഥികളെ ആക‌ർഷിച്ചത്. സിംഗപ്പൂരി​ലും മലേഷ്യയി​ലും ഫയ‌‌ർ ആൻഡ് സേഫ്റ്റി ജോലി തരപ്പെടുത്തി നൽകാമെന്നാകും വാഗ്ദാനം.

മുളവുകാട് സ്റ്റേഷൻ പരിധിയിൽ നിന്ന് മാത്രമായി 10 ലക്ഷം രൂപയോളം രൂപ തട്ടിയെടുത്തിട്ടുണ്ട്. കൊച്ചി, ആലപ്പുഴ, കൊല്ലം ജില്ലകളിൽ വാടക വീടുകളിലും ലോഡ്ജുകളിലുമാണ് ജസ്റ്രിന്റെ താമസം. തട്ടിപ്പിന് ഉപയോഗിച്ച നാല് ഫോണുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.