ആലുവ: ജീവനക്കാരന് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ആലുവ മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസ് അടച്ചു. രോഗബാധിതനായ ജീവനക്കാരൻ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസും രംഗത്തെത്തി.

പനിയുണ്ടായതിനാൽ ജീവനക്കാരൻ ഏപ്രിൽ 24ന് ഓഫീസിൽ ഹാജരായില്ല. 26ന് രാവിലെ ആശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്കായി സ്രവംനൽകിയശേഷം ജോലിക്ക് കയറി. 27ന് വൈകിട്ട് 4.30ഓടെ പരിശോധനാഫലം പോസിറ്റീവാണെന്ന വിവരം അറിയിച്ചു. ഇതോടെ സഹപ്രവർത്തകരും ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കെത്തിയവരും ആശങ്കയിലായി. ജീവനക്കാരെല്ലാം ക്വാറന്റെയിനിലായി. ഓഫീസ് ഇന്നലെ ആലുവ നഗരസഭ അണുവിമുക്തമാക്കി.
കൊവിഡ് ലക്ഷണങ്ങളുണ്ടായിട്ടും മറച്ചുവെച്ച് സഹപ്രവർത്തകരുടെയും പൊതുജനങ്ങളുടെയും സുരക്ഷ കണക്കിലെടുക്കാതെ പ്രവർത്തിച്ച ജീവനക്കാരനെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന് തോട്ടക്കാട്ടുകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു കൊല്ലംപറമ്പിൽ ആവശ്യപ്പെട്ടു.