മൂവാറ്റുപുഴ: കൊവിഡ് ബാധിതരായവരുടെ കുടുംബങ്ങളിലേക്ക് സൗജന്യ ഭക്ഷ്യ ധാന്യ കിറ്റും രോഗികൾക്ക് മരുന്നും ലഭ്യമാക്കുമെന്ന് മൂവാറ്റുപുഴ നഗരസഭാ ചെയർമാൻ പി.പി. എൽദോസും ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എം. അബ്ദുൽ സലാമും അറിയിച്ചു.നഗരാതിർത്തിയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സാധാരണ കുടുംബങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ഇരുവരും പറഞ്ഞു. പൊതുജനങ്ങളുടെയും സാമൂഹിക,സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. അരി ഉൾപ്പെടെ 17 അവശ്യവസ്തുക്കൾ കിറ്റിൽ ഉണ്ടാവും. ഇവ വീടുകളിൽ എത്തിച്ചു നൽകും. ഇതിനു പുറമേ കൊവിഡ് ബാധിതർക്ക് വൈറ്റമിൻ ഗുളികകളും, സ്ഥിരമായി ജീവൻരക്ഷാ മരുന്നുകൾ കഴിച്ചു വരുന്നവർക്ക് അത്തരം മരുന്നുകളും ലഭ്യമാക്കും. ഇതിനുപുറമേ നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്ന കുടുംബങ്ങൾക്ക് മരുന്നോ മറ്റ് അവശ്യവസ്തുക്കളോ വേണ്ടിവന്നാൽ അവ എത്തിച്ചു നൽകുന്നതിന് വളണ്ടിയർ സേവനം ലഭ്യമാക്കും. എല്ലാ വിഭാഗം ജനങ്ങളുടേയും പങ്കാളിത്തത്തോടും സഹകരണത്തോടും കൊവിഡ് ബാധിതരെ സഹായിക്കുന്നതിനാണ് നഗരസഭാ ലക്ഷ്യമിടുന്നത് . വാർഡ് കൗൺസിലർമാർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ വിവിധ പ്രവർത്തനങ്ങളുടെ മേൽനോട്ടച്ചുമതല നിർവഹിക്കുമെന്ന് വൈസ് ചെയർ പേഴ്സൺ സിനി ബിജു അറിയിച്ചു.