punaloor

 ആഭരണം പിടിച്ചുപറിച്ചു, വലിച്ചിഴച്ചു

 സംഭവം ഗുരുവായൂർ-പുനലൂർ പാസഞ്ചറിൽ

 പിടിച്ചുപറിക്കാരൻ ബാബുക്കുട്ടനെന്ന് നിഗമനം

കൊച്ചി: കേരളത്തെ ഞെട്ടി​ച്ച വടക്കാഞ്ചേരി​ സൗമ്യ കേസി​ന് സമാനമായി​ ഓടുന്ന ട്രെയി​നി​ലെ ആളൊഴി​ഞ്ഞ വനി​താ കമ്പാർട്ട്മെന്റി​ൽ യുവതി​ക്ക് നേരെ അതി​ക്രമം. കഴുത്തിൽ സ്‌ക്രൂ ഡ്രൈവർ കുത്തി കൊല്ലുമെന്ന് ഭീഷണി​പ്പെടുത്തി​ ഫോണും ആഭരണങ്ങളും പിടിച്ചുപറിച്ച ശേഷം മുടി​യി​ൽ കുത്തി​പ്പി​ടി​ച്ച് വലിച്ചിഴച്ചപ്പോൾ പ്രാണരക്ഷാർത്ഥം ട്രെയിനിൽ നിന്ന് ചാടിയ യുവതി​ക്ക് സാരമായി​ പരി​ക്കേറ്റു. ഗുരുവായൂർ-പുനലൂർ പാസഞ്ചർ ട്രെയിനിൽ ഇന്നലെ രാവിലെയാണ് സംഭവം.

ചെങ്ങന്നൂരിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസിലെ ക്ളാർക്കും മുളന്തുരുത്തി കാരിക്കോട് കാർത്ത്യായനി ഭവനിൽ രാഹുലിന്റെ ഭാര്യയുമായ ആശയാണ് (32) ആക്രമണത്തിന് ഇരയായത്. കഴുത്തിനും തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ ആശയെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ന്യൂറോ വിഭാഗം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ട്രെയി​നുകളിൽ കവർച്ചയും പിടിച്ചുപറിയും പതിവാക്കിയ നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് അക്രമിയെന്നാണ് റെയിൽവേ പൊലീസിന്റെ നിഗമനം. ഇയാൾക്കു വേണ്ടി ആർ.പി.എഫും ലോക്കൽ പൊലീസും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 2007 ൽ കൊല്ലം റെയി​ൽവേ മേഖലയി​ൽ വനി​താ കമ്പാർട്ട്മെന്റി​ൽ ഒരു സ്ത്രീയെ ആക്രമി​ച്ച കേസി​ലും പ്രതി​യാണ് ഇയാൾ.

ഒമ്പത് മണിയോടെയാണ് ആശയെ ഭർത്താവ് രാഹുൽ മുളന്തുരുത്തി സ്റ്റേഷനിൽ എത്തിച്ചത്. വനി​താ കമ്പാർട്ട്മെന്റിൽ കയറുമ്പോൾ മറ്റാരും ഉണ്ടായിരുന്നില്ല.കൊവിഡ് കാരണം ട്രെയിനിൽ യാത്രക്കാർ കുറവായിരുന്നു.

ട്രെയിൻ പുറപ്പെട്ട് നിമിഷങ്ങൾക്കകമാണ് ആക്രമണം നടന്നത്. ട്രെയിനിൽ നിന്ന് ചാടിയ ആശ കുറെ നേരം പുറത്ത് തൂങ്ങിക്കിടന്നു. കാഞ്ഞിരമറ്റം, പിറവം റോഡ് സ്റ്റേഷനുകൾക്കിടയിൽ ഓലിപ്പുറത്തിന് സമീപം ട്രാക്കിന്റെ വശത്തേക്ക് വീഴുകയായിരുന്നു. അക്രമി തള്ളിയിട്ടതാണോയെന്നും അന്വേഷിക്കുന്നുണ്ട്. ട്രാക്കിനു സമീപം കിടന്ന ആശയെ കണ്ട നാട്ടുകാ‌‌ർ ആംബുലൻസ് ഏ‌ർപ്പാടാക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. ബോധമുണ്ടായിരുന്ന ആശ ഭർത്താവിന്റെ ഫോൺ നമ്പർ നാട്ടുകാർക്കു നൽകി. വിവരം അറിഞ്ഞു രാഹുൽ കാറിൽ സ്ഥലത്തെത്തി. ഇവർക്ക് രണ്ടു വയസുള്ള ഒരു കുട്ടിയുണ്ട്.

ട്രെയിനിന്റെ ഒരു വാതിൽ ബാബുക്കുട്ടൻ അടച്ചതായി​ കരുതുന്നു. ആശ പതിവായി ഈ ട്രെയിനിലാണ് ജോലിക്ക് പോകുന്നത്. സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

അഞ്ച് മിനിറ്റ്, അമ്പരപ്പ് മാറാതെ


വനി​താ കമ്പാർട്ട്മെന്റി​ൽ ഇരിപ്പ് ഉറയ്‌ക്കും മുമ്പായിരുന്നു ആക്രമണം. സ്ക്രൂഡ്രൈവ‌ർ കഴുത്തിൽ അമർന്നു. ആഭരണങ്ങൾ പിടിച്ചുപറിച്ചു. മുടിക്കു കുത്തിപ്പിടി​ച്ച് ട്രെയിനി​ൽ വലിച്ചിഴച്ചു. ഇതിനിടെ വാതിലിനടുത്ത് എത്തിയത് മാത്രമേ ഓ‌ർമ്മയുള്ളൂവെന്ന് ആശ അറിയിച്ചെന്ന് ഭർത്താവ് രാഹുൽ കേരളകൗമുദിയോട് പറഞ്ഞു.

സൗമ്യ കേസ്

2011 ഫെബ്രുവരി ഒന്നിനാണ് എറണാകുളത്ത് നിന്ന് പാസഞ്ചർ ട്രെയിനിൽ ഷൊർണൂർക്കുള്ള യാത്രാമദ്ധ്യേ വടക്കാഞ്ചേരിക്കു സമീപംവച്ച് വനിതാ കമ്പാർട്ട്മെന്റിൽ സൗമ്യ ഒറ്റയ്‌ക്കായപ്പോൾ ഒറ്റക്കൈയൻ ഗോവിന്ദച്ചാമി ക്രൂരമായി ആക്രമിച്ച് ട്രെയിനിന് പുറത്തേക്ക് തള്ളിയിട്ട് പീഡിപ്പിച്ചത്. അബോധാവസ്ഥയിലായ സൗമ്യ ഫെബ്രുവരി ആറിന് മരിച്ചു.