നെടുമ്പാശേരി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ജില്ലാ കളക്ടർ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. പഞ്ചായത്തിൽ ആരോഗ്യ, പ്രതിരോധ, സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണവും ഊർജിതമാക്കിയതായി പ്രസിഡന്റ് സെബ മുഹമ്മദലി അറിയിച്ചു.

ഭക്ഷ്യവിഭവങ്ങൾ അടക്കം ആവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ, റേഷൻ കടകൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കാം. മറ്റ് കച്ചവട സ്ഥാപനങ്ങൾ തുറക്കരുത്. നിയന്ത്രണം കർശനമായി പാലിക്കുന്നതിന് സെക്ടറൽ മജിസ്‌ട്രേറ്റിൻെറയും പൊലീസിൻെറയും ആരോഗ്യ പ്രവർത്തകരുടെയും പരിശോധനയുണ്ടാകും. കണ്ടെയ്ൻമെന്റ് സോണുകളിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിയെ ചെറുക്കുന്നതിന് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് പ്രസിഡന്റ് അഭ്യർത്ഥിച്ചു.