unas

കോലഞ്ചേരി: വോട്ടെണ്ണലിന് മൂന്ന് ദിവസം ബാക്കി നിൽക്കെ പെട്ടി പൊട്ടിക്കും മുമ്പെ ബെറ്റുകാർ സജീവമായി കഴിഞ്ഞു. വിജയപരാജയങ്ങൾ ആർക്കൊപ്പമെന്ന് സംബന്ധിച്ച് ബെറ്റിംഗും തകർക്കുകയാണ്. ശക്തമായ കൊവിഡ് വ്യാപനത്തിനിടയിലും ചർച്ചകൾക്ക് ചൂടേറിയിട്ടുണ്ട്. മൊട്ടയടി മുതൽ മദ്യം വരെ ബെറ്റിംഗുകാർക്ക് പ്രിയപ്പെട്ടതാണ്. മദ്യ ഷോപ്പുകൾ അടച്ചത് തിരിച്ചടിയായെങ്കിലും മദ്യവില മൂന്നാമനെ ഏല്പിക്കാനാണ് ധാരണ. മൊട്ടയടിക്കാരും ആവശ്യത്തിലധികമുണ്ട്. മൊട്ടയടിച്ചാൽ മാത്രം പോരാ എതിർ പാർട്ടിയുടെ കൊടിയുമായി പ്രധാന ജംഗ്ഷനിൽ എത്തണമെന്നുമാണ് നിബന്ധന. അതിനിടയിൽ കുന്നത്തുനാട് പഞ്ചായത്തിലെ 15ാം വാർഡംഗം യു.ഡി.എഫിലെ എം.ബി. യൂനസ് വളരെ കാര്യമാത്ര പ്രസക്തമായ ഒരു ബെറ്റുമായെത്തി. കുന്നത്തുനാട്ടിൽ ട്വന്റി20 വിജയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നാണ് യൂനസിന്റെ പ്രഖ്യാപനം. ഇദ്ദേഹം ഉൾപ്പെട്ട നാട്ടിലെ പ്രമുഖ വാട്സ് ആപ്പ് ഗ്രൂപ്പിലായിരുന്നു പ്രഖ്യാപനം. ഇത് വൈറലായതോടെ എതിരാളികൾ നവമാദ്ധ്യമങ്ങളിൽ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. യൂനസ് പൊതു പ്രവർത്തന രംഗത്ത് ഉണ്ടാകുമോ എന്നന്വേഷിച്ചപ്പോൾ രണ്ടാം തീയതി കഴിയട്ടെ എന്നായിരുന്നു മറുപടി.