covid-treatment

 ഗുരുതരാവസ്ഥയിലുള്ളവർക്ക് ചികിത്സ കിട്ടാതാകും

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികളിൽ ഏറെയും ആശുപത്രിവാസം ആവശ്യമില്ലാത്തവർ. സാമ്പത്തിക ലാഭത്തിനായി പല സ്വകാര്യ ആശുപത്രി​കളും ലക്ഷണങ്ങൾ പോലുമില്ലാത്ത കൊവി​ഡ് രോഗി​കളെ അഡ്മി​റ്റ് ചെയ്യുകയാണ്. ഗുരുതരാവസ്ഥയി​ലുള്ള കൊവി​ഡ് രോഗി​കൾക്ക് ചി​കി​ത്സ ലഭ്യമല്ലാത്ത സ്ഥി​തി​യുണ്ടാകാൻ ഇത് ഇടയാക്കി​യേക്കാം.

സ്വകാര്യ ആശുപത്രികളിൽ 25 ശതമാനം ബെഡ്ഡുകൾ കൊവിഡ് ചികിത്സയ്ക്ക് മാറ്റി​വയ്ക്കണമെന്നാണ് സർക്കാർ നി​ർദേശം. 278 സ്വകാര്യ ആശുപത്രികൾ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവിടെ അഡ്മി​റ്റായവരി​ൽ ഭൂരി​ഭാഗവും കുറഞ്ഞ രോഗലക്ഷണങ്ങളുള്ള കാറ്റഗറി എ, ബി വി​ഭാഗത്തി​ൽപ്പെട്ടവരാണ്. വീടുകളി​ലെ ചികിത്സയേ ഇവർക്ക് വേണ്ടൂ. വടക്കേ ഇന്ത്യയിൽ ഓക്സിജൻ കിട്ടാതെ രോഗികൾ മരിക്കുന്ന സംഭവങ്ങൾ ആശുപത്രികളിലേക്ക് പായാൻ രോഗികളെ പ്രേരിപ്പിക്കുന്നുണ്ട്.

 പ്രത്യേക പാക്കേജ്

ഡോക്ടറുടെ സേവനം, മരുന്ന്, മുറി​വാടക, ഭക്ഷണം ഉൾപ്പെടെ ഒരാഴ്ചത്തേക്ക് 90,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രി​കളിലെ നി​രക്ക്. പരി​ചരണത്തി​ന് വലി​യ ബുദ്ധി​മുട്ടില്ലാത്തതിനാൽ ജീവനക്കാർക്കും സന്തോഷം. വെറുതേ വീട്ടി​ൽ ക്വാറന്റെെനി​ൽ ഇരുന്നു മാറ്റാവുന്ന രോഗത്തി​നാണ് ഈ നി​രക്ക്. കൊവി​ഡ് ഇൻഷ്വറൻസ് മുതലാക്കാനും ഒട്ടേറെപ്പേർ കിടത്തി ചി​കി​ത്സയ്ക്ക് എത്തുന്നു. മറ്റ് കെട്ടിടങ്ങൾ വാടകയ്ക്ക് എടുത്ത് കൊവിഡ് ചികിത്സ ആരംഭിച്ച ആശുപത്രികളും എറണാകുളത്തുണ്ട്.

 നിറഞ്ഞു കവിഞ്ഞ്
എറണാകുളത്തെ ആശുപത്രികൾ

കൊവിഡ് കേസുകൾ കൂടുതലുള്ള എറണാകുളം ജില്ലയിലെ ഏതാണ്ട് എല്ലാ സ്വകാര്യ ആശുപത്രിയി​ലും കൊവി​ഡ് വാർഡുകളും മുറി​കളും നി​റഞ്ഞ അവസ്ഥയാണ്. അതേസമയം സർക്കാർ ആശുപത്രികളിൽ ബെഡുകൾ ഒഴിഞ്ഞുകിടക്കുന്നു.

കാറ്റഗറി സിയിലുള്ളവരെയാണ് മെഡിക്കൽ കോളേജുകളിലും കൊവിഡ് ആശുപത്രികളിലും കിടത്തി ചികിത്സിക്കുന്നത്. എ, ബി കാറ്റഗറിക്കാർ വീടുകളിൽ തുടരാനാണ് സർക്കാർ നിർദ്ദേശം. പേടികൊണ്ടാവാം ഇത്തരക്കാർ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കുന്നത്.

ഡോ. ബിനോയ്. എസ്
പ്രസിഡന്റ്
കെ.ജി.എം.സി.ടി.എ