പള്ളുരുത്തി: പശ്ചിമകൊച്ചിയിൽ രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു. ഇന്നലെ 488 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ രോഗബാധിതർ പള്ളുരുത്തിയിലാണ് 140, ഫോർട്ടുകൊച്ചി - 99, മട്ടാഞ്ചേരി - 85, ചെല്ലാനം - 52, തോപ്പുംപടി - 43, ഇടക്കൊച്ചി - 25, മുണ്ടംവേലി - 24, കരുവേലിപ്പടി - 7, പനയപ്പിളളി - 7, കുമ്പളങ്ങി - 6 എന്നിങ്ങനെയാണ് കണക്കുകൾ.
പള്ളുരുത്തിയിൽ രോഗികളുടെ എണ്ണം വർദ്ധിച്ചിട്ടും കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. പുറത്തിഇറങ്ങി നടക്കുന്നവരുടെ എണ്ണത്തിൽ കുറവൊന്നുമില്ല. സ്വകാര്യ വാഹനങ്ങളിലും ബൈക്കുകളിലും എത്തുന്നവരെ പരിശോധിക്കാനും ആളില്ലാത്ത സ്ഥിതിയാണ്.
എന്നാൽ പശ്ചിമകൊച്ചിയിലെ മറ്റ് ചില ജംഗ്ഷനുകളിൽ നിലയുറപ്പിച്ച പൊലീസുകാർ കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്. പശ്ചിമകൊച്ചിയിൽ പത്തോളം ഡിവിഷനുകൾ കണ്ടെയ്ൻമെൻ്റ് സോണിലാണ്. എന്നാൽ രോഗം ബാധിച്ചവരുടെ വീട് അറിയാൻ കഴിയാത്തത് നാട്ടുകാരെ കുഴക്കുകയാണ്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർദ്ധിച്ചാൽ കൂടുതൽ ഡിവിഷനുകൾ കൊച്ചിൻ കോർപ്പറേഷനിൽ അടച്ചിടുമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.