കൊച്ചി: കാലടി സർവകലാശാലയെ മോശമാക്കുന്ന രീതിയിൽ വാർത്ത നൽകിയ സിൻഡിക്കേറ്റ് അംഗം ഡോ. പി.സി. മുരളീമാധവന്റെ നടപടിയെ സിൻഡിക്കേറ്റ് യോഗം അപലപിച്ചു. പ്രൊഫ. ഡി. സലിംകുമാർ അവതരിപ്പിച്ച പ്രമേയം പാസാക്കി. സിൻഡിക്കേറ്റിന് മുമ്പാകെ യു.ജി.സി യോഗ്യതയോടെ ലൈബ്രേറിയൻമാരായി നിയമിക്കപ്പെട്ടവരെ അക്കാഡമിക് സ്റ്റാഫായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ എയ്ഡഡ് കോളേജ് അദ്ധ്യാപകരുടെ സംഘടനയായ എ.കെ.പി.സി.ടി.എ ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ നിവേദനം അജണ്ടയായി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ അജണ്ട എന്താണെന്ന് കൃത്യമായി അറിഞ്ഞിട്ടും വിഷയം വസ്തുതാവിരുദ്ധമായും ദുരുപദിഷ്ടമായും വളച്ചൊടിച്ച് പത്രങ്ങളിലും ദൃശ്യമാദ്ധ്യമങ്ങളിലും വാർത്ത നൽകിയ നടപടിയെ അപലപിച്ചുകൊണ്ടുള്ള പ്രമേയമാണ് പാസാക്കിയത്.
സംഭവത്തിൽ സിൻഡിക്കേറ്റ് യോഗം പ്രതിഷേധിച്ചു. തുടർ നടപടികൾ സ്വീകരിക്കുന്നതിന് വൈസ് ചാൻസലറെ ചുമതലപ്പെടുത്തണമെന്നും പ്രമേയത്തിൽ പറയുന്നു.