കളമശേരി: കോടതി ഇടപെടലിനെ തുടർന്ന് ദേശീയ പാത 544 ൽ ഇടപ്പള്ളി ടോളിലെ ഓവുചാൽ നിർമ്മാണം പുരോഗമിക്കുന്നു. കോൺക്രീറ്റിൽ ഓവുചാലിന്റെ 1.5 മീറ്റർ നീളത്തിലുള്ള ഭാഗങ്ങൾ റോഡിലുണ്ടാക്കിയ കിടങ്ങിൽ ഇറക്കി വച്ച് പണി പുരോഗമിക്കുകയാണ്. ആലുവായിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന ഭാഗത്തെ ജോലി അവസാനഘട്ടത്തിലാണ്. ആലുവ ഭാഗത്തേക്കു പോകുന്ന റോഡിന്റെ പണി ഇന്ന് തുടങ്ങും. ഓരോ ഭാഗത്തും ഒമ്പതര മീറ്ററാണ് റോഡിന്റെ വീതി. സമയബന്ധിതമായി പൂർത്തിയാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചതനുസരിച്ചാണ് പൊതുമരാമത്ത് വകുപ്പ് ജോലി ഏറ്റെടുത്തത്. നാഷണൽ ഹൈവേ അതോറിറ്റിയും കൊച്ചി മെട്രോ റെയിൽവെയും 15 ലക്ഷം രൂപ വീതം പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന് കൈമാറിയിരുന്നു. ജോലിയുടെ നടത്തിപ്പും മേൽനോട്ടവും പി.ഡബ്ല്യു.ഡി യാണ് നിർവഹിക്കുന്നതെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് ബഷീർ പറഞ്ഞു.