ആലുവ: കൊവിഡ് ബാധിതരായ കുടുംബങ്ങൾക്ക് കൈത്താങ്ങുകയാണ് കീഴ്മാട് സ്വരുമ റെസിഡന്റ്സ് അസോസിയേഷൻ. കൊവിഡ് ബാധിച്ച വീടുകളിൽ നിന്ന് ജോലിക്ക് പോകുവാൻ കഴിയാത്ത സാഹചര്യത്തിൽ അസോസിയേഷന്റെ പരിധിയിലുള്ള വീടുകളിലേക്ക് രണ്ടാഴ്ച്ചത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളാണ് സൗജന്യമായി എത്തിച്ച് നൽകുന്നത്.
അസുഖം ബാധിച്ച വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ ഇതൊരു അനുഗ്രഹമാണെന്നാണ് വീട്ടുകാർ പറയുന്നത്. 10 കിലോ അരി, സവാള, കിഴങ്ങ്, അരി പൊടി, റവ, മുളക് പൊടി, മല്ലിപൊടി, മഞ്ഞൾ പൊടി, ഓയിൽ, വെളിച്ചെണ്ണ, പഞ്ചസാര, ചായപ്പൊടി, പരിപ്പ്, ബിസ്‌കറ്റ്, ബ്രഡ്, മുട്ട തുടങ്ങി ഏകദേശം 1500 രൂപ വരുന്ന കിറ്റാണ് വിതരണം ചെയ്യുന്നത്. ഇതിനകം 20 വീടുകളിൽ നൽകി. ആദ്യഘട്ട ലോക് ഡൗൺ സമയത്ത് അസോസിയേഷനിലെ എല്ലാ വീടുകളിലും പല ചരക്കും പച്ചക്കറിയും അടങ്ങിയ കിറ്റും വിതരണം ചെയ്തിരുന്നു.