കളമശേരി: ശമ്പള കുടിശിക ആവശ്യപ്പെട്ട് ഫാക്ട് സി.എം.ഡിക്ക് കത്തയച്ച് പഴയകാല നേതാക്കളുടെ പ്രതിഷേധ സമരം. 1997 മുതൽ ഫാക്ടിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് ലഭിക്കേണ്ട 54 മാസത്തെ ശമ്പള കുടിശികക്കു വേണ്ടിയുള്ള പോരാട്ടം 23 വർഷമായി തുടരുകയാണ്. 1997-2006 കാലത്തെ കരാർ ഒപ്പുവച്ചത് 2001 ലാണ്. ഹൈക്കോടതിയുടെ സിംഗിൾ ബഞ്ചും, ഡിവിഷൻ ബഞ്ചും ജീവനക്കാർക്ക് അനുകൂലമായി വിധി പ്രസ്താവിച്ചെങ്കിലും മാനേജ്മെന്റ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി വൈകിപ്പിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു.
മാനേജ്മെന്റ് കോടതിയിൽ നൽകിയ സത്യവാംഗ് മൂലത്തിൽ മൂന്നു വർഷം തുടർച്ചയായി ലാഭമുണ്ടായാൽ മാത്രം കുടിശിക നൽകാമെന്ന് അന്നത്തെ എഗ്രിമെന്റിൽ ഉണ്ടെന്ന വാദമാണുന്നയിക്കുന്നത്. ഫാക്ട് തുടർച്ചയായി മൂന്നു വർഷം ലാഭത്തിലാണെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് യൂണിയൻ നേതാക്കൾ ആവശ്യമുന്നയിക്കുന്നത്. വിവിധ സംഘടനകൾക്കു വേണ്ടി എം.എസ്.ശിവശങ്കരൻ , പി.എസ്.മുരളി, പി.എസ്.അഷറഫ് ( സി.ഐ.ടി.യു) , മധു പുറക്കാട് (ഐ.എൻ.ടി.യു.സി) എന്നിവർ ഉദ്യോഗമണ്ഡൽ പോസ്റ്റ് ഓഫീസ് വഴി രജിസ്ട്രേഡ് കത്തുകൾ അയക്കുകയും പോസ്റ്റാപ്പിസിനു മുന്നിൽ പ്രതീകാത്മക സമര പ്രതിഷേധവും നടത്തി.