കൊച്ചി: ഓക്‌സിജൻ വിതരണത്തിനായുള്ള വാഹനങ്ങൾക്ക് റോഡിൽ തടസം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കളക്ടർ എസ്. സുഹാസ് ജില്ലാ പൊലീസ് മേധാവി, റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവർക്ക് നിർദ്ദേശം നൽകി. ഓക്സിജൻ വിതരണ വാഹനങ്ങൾക്ക് ആംബുലൻസുകൾക്ക് തുല്യമായ പരിഗണന നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ട്രാഫിക് സിഗ്നലുകൾ, ജംഗ്ഷനുകൾ, ടോൾ പ്ലാസകൾ എന്നിവിടങ്ങളിൽ ഫ്രീ ലെഫ്റ്റ് വഴിയിലും നാലുവരിപാതയിൽ റൈറ്റ് ട്രാക്കിൽ തടസം സൃഷ്ടിക്കുന്നവരുടെയും മോട്ടോർ വാഹന ലൈസൻസ് റദ്ദാക്കുന്നതിന് പുറമെ ദുരന്തനിവാരണ വകുപ്പ് പ്രകാരമുള്ള നടപടിയും സ്വീകരിക്കും. സുഗമമായ ഓക്സിജൻ വിതരണം ഉറപ്പാക്കുന്നതിനായി പൊലീസും മോട്ടോർ വാഹന വകുപ്പുകളും പരിശോധന ശക്തമാക്കിയിട്ടുണ്ട്. അടിയന്തര സേവനത്തിനായുള്ള വാഹനങ്ങളുടെ തൊട്ടുപുറകെ വാഹനങ്ങൾ പായിക്കുന്നവർക്കെതിരെയും നടപടികൾ സ്വീകരിക്കും.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓക്‌സിജൻ വിതരണം സുഗമമാക്കുന്നതിനാണ് ഓക്‌സിജൻ സിലിണ്ടറുകൾ, ദ്രവീകൃത ഓക്‌സിജൻ കൊണ്ടുപോകുന്ന ക്രയോജനിക് ടാങ്കറുകൾ എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകുന്നത്. ഓകസിജൻ വിതരണ വാഹനങ്ങൾക്ക് ബീക്കൺ ലൈറ്റ്, സൈറൺ എന്നിവ ഉപയോഗിക്കാം.
ഓക്സിജൻ സിലിണ്ടറുകളുമായി പോകുന്ന വാഹനങ്ങൾക്ക് നിശ്ചിത വേഗതയ്ക്കപ്പുറം സഞ്ചരിക്കാൻ സാദ്ധ്യമല്ലാത്തതിനാൽ നാലുവരിപാതകളിലും ട്രാഫിക് സിഗ്നലുകളിലെ ഫ്രീലെഫ്റ്റ് മാർഗത്തിലും തടസം സൃഷ്ടിക്കുന്നത് ഓക്സിജൻ വിതരണത്തെ സാരമായി ബാധിക്കുമെന്ന് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ ഷാജിമാധവൻ പറഞ്ഞു.