കൊച്ചി: സാമൂഹിക വ്യവസായിക മേഖലയിലെ സജീവ സാന്നിദ്ധ്യമായിരുന്ന ടി.വി.സുഭാസിന്റെ അപ്രതീക്ഷിത വിയോഗം കൊച്ചി നഗരത്തിന് തീരാനഷ്ടമായി. വിപുലമായ സുഹൃദ്ബന്ധവും ബിസിനസ് ബന്ധങ്ങളും ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ഉണ്ടായിരുന്ന അടുപ്പവും ഒട്ടേറെ പേരെ സുഭാസിലേക്ക് അടുപ്പിച്ചു. സരസവും എളിമയാർന്നതുമായ പെരുമാറ്റം കൊണ്ട് ഏവരുടെയും ഹൃദയം കവരുന്നയാൾ കൂടിയായിരുന്നു സുഭാസ്.
സ്ഥാനമാനങ്ങളിൽ ഒന്നും താല്പര്യമില്ല. തന്നെ തേടിയെത്തിയ സ്ഥാനങ്ങളിൽ എല്ലാം മികവാർന്ന പ്രവർത്തനം കാഴ്ച വയ്ക്കുകയും ചെയ്തു. എൻജിനിയറിംഗ് പഠനത്തിനുശേഷം അച്ഛന്റെ വൈറ്റില ഓയിൽ മിൽ നോക്കി നടത്തി. ഏറ്റവും ഗുണമേന്മയുള്ള എണ്ണ നിർമ്മിക്കുന്ന ഈ സ്ഥാപനത്തിന്റെ പ്രധാന ഉപഭോക്താവ് കോട്ടയ്ക്കൽ ആര്യവൈദ്യശാലയായിരുന്നു.
പിന്നീട് കണ്ടെയ്നർ മാനുഫാക്ചറിംഗ് യൂണിറ്ര് ആരംഭിച്ചു. തുടർന്നാണ് തന്റെ സ്വപ്നമായ പെട്രോൾ പമ്പ് വൈറ്റിലയിൽ ആരംഭിക്കുന്നത്.
ഓൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്സിന്റെ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. എല്ലാവർക്കും അവസരം നൽകണം എന്ന ചിന്താഗതിക്കാരനായിരുന്നു സുഭാസ്. ശ്രീനാരായണ ക്ലബ് പ്രസിഡന്റ്, നളന്ദ പബ്ലിക് സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗം, ഹിന്ദു ഇക്കണോമിക് ഫോറം മുൻ പ്രസിഡന്റും ലീഗൽ ഡയറക്ടറും അഡ്വൈസറും ശ്രീനാരായണ വിദ്യാപീഠം ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബുധനാഴ്ച തന്റെ പെട്രോൾ പമ്പിന് സമീപം വച്ച് ബൈക്ക് ഇടിച്ച് പരിക്കേറ്റതിനെ തുടർന്നാണ് സുഭാസ് മരിച്ചത്.