വൈപ്പിൻ: സർവീസ് നഷ്ടത്തിലായ സ്വകാര്യബസുകൾ മിക്കതും നിരത്തൊഴിയുകയാണ്. സർക്കാർ ഉത്തരവോ ബസുടമാ സംഘടനകളുടെ തീരുമാനമോ തൊഴിലാളി യൂണിയനുകളുടെ ആഹ്വാനമോ ഒന്നുമില്ലാതെ തന്നെയാണ് ബസുകൾ മിക്കതും സർവീസ് നിർത്തുന്നത്. കൊവിഡ് വ്യാപനപശ്ചാത്തലത്തിൽ യാത്രക്കാരിൽ ഗണ്യമായ വിഭാഗം ബസുകൾ ഒഴിവാക്കി ടൂ വീലറുകൾ ആക്കിയത് യാത്രക്കാരെ കുറച്ചു. തൊഴിലാളികളുടെ വേതനവും ഡീസൽ ചെലവും മാത്രം കണക്കാക്കിയാൽപോലും നഷ്ടം തന്നെ.

 കണ്ടെയ്ൻമെന്റ് സോണിൽ സ്റ്റോപ്പില്ല

വൈപ്പിൻ മേഖലയിലെ പള്ളിപ്പുറം, ഞാറക്കൽ, എളങ്കുന്നപ്പുഴ പഞ്ചായത്തുകൾ കണ്ടെയ്‌ൻമെന്റ് സോണുകൾ ആക്കിയതോടെ പകുതിയോളം സ്റ്റോപ്പുകളിൽ യാത്രക്കാരെ ഇറക്കാനോ കയറ്റാനോ കഴിയില്ല. മുമ്പേ തന്നെ നഷ്ടത്തിൽ ഓടിയിരുന്ന ബസുകൾക്ക് ഇതോടെ യാത്രക്കാർ നാമമാത്രമായതോടെയാണ് ആരുടേയും നിർദേശമില്ലാതെ ബസുടമകൾ ഓട്ടം നിർത്തി വെച്ചത്. ടാക്‌സ് അടക്കുന്നതിൽനിന്ന് ഒഴിവാകാൻ ജി ഫോം നൽകി കാത്തിരിക്കുകയാണ് ഉടമകൾ.

 ത്രൈമാസ നികുതിഅടവ്

പഴയ വണ്ടികൾക്ക് സീറ്റ് കണക്കാക്കിയും പുതിയ വണ്ടികൾക്ക് അളവ് കണക്കാക്കിയുമാണ് നികുതി. 20000 മുതൽ 35000 രൂപവരെ മൂന്നുമാസം കൂടുമ്പോൾ നികുതി അടക്കണം. കഴിഞ്ഞവർഷം കൊവിഡിന്റെ തുടക്കത്തിൽ ആദ്യത്തെ മൂന്നുമാസത്തെ നികുതി പൂർണമായും പിന്നീടുള്ള മൂന്നുമാസത്തേത് പകുതിയും സർക്കാർ ഒഴിവാക്കിയിരുന്നു. കൊവിഡിന് ശമനം വന്നതോടെ ക്രമമായി യാത്രക്കാർ വർദ്ധിക്കുകയും ബസ് സർവീസ് സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു.

 കരിനിഴൽവീഴ്ത്തി കൊവിഡ് വ്യാപനം

എന്നാൽ കൊവിഡിന്റെ രണ്ടാംവരവോടെ സർക്കാർ ഓഫീസുകളിലെ ഹാജർ പകുതിയാക്കുകയും വ്യപാരസ്ഥാപനങ്ങൾക്ക് സമയനിയന്ത്രണം വരികയും ചെയ്തതോടെ ബസുകളിലെ വരുമാനം കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ വർഷത്തേതിന് സമാനമായ സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും ടാക്‌സ് ഒഴിവാക്കിക്കിട്ടാൻ സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും വൈപ്പിൻ പറവൂർ ബസ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.കെ. ലെനിൻ പറഞ്ഞു. നൂറ്റി അമ്പതോളം ബസ്സുകൾ സർവീസ് നടത്തുന്ന വൈപ്പിൻപറവൂർ മേഖലയിൽ ഇപ്പോൾ പതിനഞ്ചോളം ബസുകൾ മാത്രമാണ് ഓടുന്നത്. ബസുകൾ സർവീസ് നടത്തണോയെന്ന് അവരവർക്ക് തീരുമാനിക്കാമെന്നതാണ് അസോസിയേഷന്റെ നിലപാട്.