ആലുവ: ചൂർണിക്കരയിലെ സി.പി.എം പ്രാദേശിക നേതാവ് അശോകപുരം തോട്ടത്തിൽ പറമ്പിൽ ടി.ഐ. ഇക്ബാൽ (65) കൊവിഡ് ബാധിച്ച് മരിച്ചു. സി.പി.എം ആലുവ ഏരിയ കമ്മിറ്റിയംഗം, ചൂർണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഇക്ബാൽ നിലവിൽ ചൂർണിക്കര ലോക്കൽ കമ്മിറ്റിയംഗമാണ്.
അശോക ടെക്സ്റ്റയിൽസ് കമ്പനി മുൻ ജീവനക്കാരനായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് അശോകപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് നാല് ദിവസം മുമ്പ് കാക്കനാട് സൺറൈസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അശോകപുരം കൊച്ചിൻ കേക്ക്സ് എന്ന സ്ഥാപനത്തിന്റെ പാർട്ട്ണറും അശോകപുരം വിദ്യാവിനോദിനി ലൈബ്രറി പ്രസിഡന്റുമാണ്. ആലുവ ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡംഗം, കേരള വ്യാപാരി വ്യവസായി സമിതി ആലുവ ഏരിയ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. അശോക ടെക്സ്റ്റയിൽസ് വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) സെക്രട്ടറിയായും എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയായും ദീർഘനാൾ പ്രവർത്തിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആലുവ ടൗൺ ജുമാ മസ്ജിദിൽ മൃതദേഹം ഖബറടക്കി.
മാതാവ് പരേതയായ നബീസ. ഭാര്യ: കലൂർ കണ്ടംപറമ്പിൽ കുടുംബാംഗം മൈമൂനത്ത്. മക്കൾ: സനു ഇക്ബാൽ (ജെഹറ ഹോസ്പ്പിറ്റൽ, കുവൈറ്റ്), സ്മിത. മരുമക്കൾ: മുംതാസ്, ഹനീഫ.