നെടുമ്പാശേരി: സീപോർട്ട് - എയർപോർട്ട് റോഡിന്റെ ഭാഗമാകുന്ന എയർപോർട്ട് - ആവണംകോട് റോഡിൽ റെയിൽവേ മേൽപ്പാലം മുതൽ ആവണംകോട് ക്ഷേത്രംകവലവരെ നടപ്പാത നിർമ്മിക്കണമെന്ന ആവശ്യം ശക്തമായി. നെടുമ്പാശേരി വിമാനത്താവളത്തിനായി സ്ഥലം വിട്ടുനൽകിയവരാണ് ഇവിടെ താമസിക്കുന്നവരിലേറെയും. ഈ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് സിയാൽ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നടപ്പാത നിർമ്മിക്കണമെന്നാണ് ആവശ്യം.
നിർദ്ദിഷ്ട സീപോർട്ട് - എയർപോർട്ട് റോഡ് പൂർത്തിയായിട്ടില്ലെങ്കിലും തോട്ടുമുഖത്തും ചൊവ്വരയിലും പാലങ്ങൾ പൂർത്തിയായതോടെ ആലുവ ഭാഗത്തുനിന്നും നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുവരുന്നത്. കൊടുംവളവുകൾ ഉണ്ടെങ്കിലും റബറൈസ്ഡ് ടാറിംഗ് ആയതിനാൽ വാഹനങ്ങൾക്കെല്ലാം അമിതവേഗതയാണ്. കാൽനട യാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ ഇവിടെ നടപ്പാത ആവശ്യമാണ്. ജോലിക്കും മറ്റും പോകുന്നവർക്ക് പുറമെ രാവിലെയും വൈകിട്ടും രാത്രിയും നിരവധിപേരാണ് വ്യായാമത്തിനായി നടക്കുന്നത്. നാട്ടുകാർക്ക് പുറമെ സിയാൽ സ്റ്റാഫ്, സി.ഐ.എസ്.എഫ്, ഫ്ളാറ്റുകളിൽ താമസിക്കുന്നവരും ഇവിടെയാണ് വ്യായാമത്തിന് കൂടുതലായി നടക്കുന്നത്.
നടപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ. മുണ്ടാടൻ, കോൺഗ്രസ് പതിനൊന്നാം വാർഡ് പ്രസിഡന്റ് റിജോ പുതുവ, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പി.കെ. ഗോപി എന്നിവരുടെ നേതൃത്വത്തിൽ സിയാൽ എം.ഡിക്ക് നിവേദനം നൽകി.