പറവൂർ: താലൂക്കിലെ ഏഴ് പഞ്ചായത്തുകൾ പൂർണമായി കണ്ടെയ്ൻമെന്റ് സോണിലായി. ആലങ്ങാട്, കരുമാലൂർ, വടക്കേക്കര, ചേന്ദമംഗലം, പുത്തൻവേലിക്കര, കോട്ടുവള്ളി, വരാപ്പുഴ പഞ്ചായത്തുകളാണ് പൂർണമായി കണ്ടെയ്ൻമെന്റ് സോണാക്കിയത്. ഇവിടെയെല്ലാം പ്രതിദിനം കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്.
മിക്ക സ്ഥലങ്ങളിലും ഇടവഴികൾ പലതും അടച്ചു. ചിലയിടത്ത് പഞ്ചായത്തുകളുടെ അതിർത്തികളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. കടകളുടെ പ്രവർത്തനസമയം കുറച്ചു. സെക്ടറൽ മജിസ്ട്രേട്ടുമാരും പഞ്ചായത്ത് അധികൃതരും പൊലീസും പരിശോധനകൾ കർശമാക്കിയിട്ടുണ്ടെങ്കിലും നിയമലംഘനങ്ങൾ തുടരുകയാണ്. പലരും അനാവശ്യമായി പുറത്തിറങ്ങുന്നുണ്ട്. കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ നൂറിലധികം പേർക്ക് വടക്കേക്കരയിൽ മാത്രം താക്കീത് നൽകി. ഒമ്പതുപേർക്ക് പിഴ ചുമത്തി. പൂർണമായി കണ്ടെയ്ൻമെന്റ് സോൺ അല്ലാത്ത തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലും കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. പ്രധാന വഴികളൊന്നും അടച്ചിട്ടില്ല. നിലവിൽ പറവൂർ നഗരസഭയിലും വടക്കേക്കര പഞ്ചായത്തിലും മാത്രമേ ചികിത്സാകേന്ദ്രമുള്ളു.