ele

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടുകൾ ഞായറാഴ്ച എണ്ണാനിരിക്കെ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷനും ഭരണ സംവിധാനങ്ങളും രാഷ്ട്രീയ പാർട്ടികളും.

കൗണ്ടിംഗ് കേന്ദ്രങ്ങളിൽ മാത്രമല്ല നാട്ടിലാകെ കടുത്ത നിയന്ത്രണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിജയാഹ്ലാദങ്ങൾ പാടില്ലെന്ന് കമ്മീഷനും ആഹ്ലാദ പ്രകടനങ്ങൾക്കില്ലെന്ന് രാഷ്ട്രീയ പാർട്ടികളും വ്യക്തമാക്കിയിട്ടുണ്ട്. പ്രവചനാതീതമാണ് തിരഞ്ഞെടുപ്പ് ഫലമെന്നിരിക്കെ രാഷ്ട്രീയ പാർട്ടികളുടെ പ്രതീക്ഷകൾ ആശങ്കകളായി മാറിയ മണ്ഡലങ്ങളും ജില്ലയിലുണ്ട്.

 ഒരുക്കങ്ങൾ പൂർത്തിയായി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. 14 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ജോലികൾക്കായി 3651 കൗണ്ടിംഗ് സ്റ്റാഫുകളെ നിയമിച്ചു കഴിഞ്ഞു. ഇവർക്കുള്ള പരിശീലനവും പൂർത്തിയായി.

 മണ്ഡലം - വോട്ടെണ്ണൽ കേന്ദ്രം

 പെരുമ്പാവൂർ - ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, പെരുമ്പാവൂർ

 ആലുവ, അങ്കമാലി- ആലുവ യു.സി. കോളേജ്

 കളമശ്ശേരി - പുല്ലംകുളം ശ്രീ നാരായണ എച്ച്.എസ്, നോർത്ത് പറവൂർ

 പറവൂർ - ഗവ.ബോയ്സ് എച്ച്.എസ്.എസ്, നോർത്ത് പറവൂർ

 വൈപ്പിൻ - കൊച്ചിൻ കോളേജ് അനക്സ്

 കൊച്ചി - ടി.ഡി.എച്ച്.എസ് മട്ടാഞ്ചേരി

 തൃപ്പൂണിത്തുറ - എറണാകുളം മഹാരാജാസ് കോളേജ്

 എറണാകുളം - ഗവ.ഗേൾസ് എച്ച്.എസ്.എസ്, എറണാകുളം

 തൃക്കാക്കര - ഭാരത് മാത കോളേജ്

 കുന്നത്തുനാട്- ആശ്രമം എച്ച്.എസ്.എസ്, പെരുമ്പാവൂർ

 മുവാറ്റുപുഴ - നിർമ്മല എച്ച്.എസ്.എസ്, മുവാറ്റുപുഴ

 പിറവം - മൂവ്വാറ്റുപുഴ നിർമല പബ്ലിക് സ്കൂൾ

 കോതമംഗലം - കോതമംഗലം എം. എ. കോളേജ്

 പ്രതീക്ഷകളും ആശങ്കകളും

സർവ്വകക്ഷി യോഗ തീരുമാനവും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശവും അനുസരിച്ചും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചും കൗണ്ടിംഗ് കേന്ദ്രങ്ങളിലെത്താനും ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കാനും തയ്യാറായി രാഷ്ട്രീയ പാർട്ടികൾ. ജില്ലയിൽ മൂന്ന് മുന്നണികളും ട്വൻ്റി 20യും അവകാശവാദങ്ങളുമായി രംഗത്തുണ്ട്. ജില്ലയിൽ സീറ്റുകളുടെ കാര്യത്തിൽ അവകാശവാദയുയർത്തുന്ന യു.ഡി.എഫ് പ്രതീക്ഷിക്കുന്നത് 11 സീറ്റും എൽ.ഡി.എഫ് 8 സീറ്റുമാണെങ്കിൽ എൻ.ഡി.എ മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. കൊച്ചി മണ്ഡലത്തിൽ യു.ഡി.എഫ് വിമതൻ്റെ ബലത്തിൽ 2016ൽ വിജയിച്ച എൽ.ഡി.എഫിന് സീറ്റ് നഷ്ടമാകുമോയെന്ന ആശങ്കയുണ്ട്. അങ്കമാലിയിൽ ജോസ് തെറ്റയിൽ എത്തിയതോടെ എൽ.ഡി.എഫ് സീറ്റ് തിരിച്ച് പിടിക്കുമോയെന്ന ആശങ്കയിലാണ് യു.ഡി.എഫ്. ശബരിമല പ്രശ്നം ശക്തമായി ചർച്ച ചെയ്യപ്പെട്ട തൃപ്പൂണിത്തുറയിൽ അത് യു.ഡി.എഫിന് തുണയാകുമോയെന്ന ഭീതിയിലാണ് എൽ.ഡി.എഫ്. എൻ.ഡി.എ ജില്ലയിലെ മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന ഇവിടെ വോട്ട് സംബന്ധിച്ച ചില ആശങ്കകൾ അവർക്കുമുണ്ട്. മുസ്ലിംലീഗ് പാർട്ടിയിലെ വിമത നീക്കവും അഴിമതി ആരോപണങ്ങളും ചേർന്ന് കളമശേരി നഷ്ടപ്പെടുത്തുമോയെന്ന പേടി യു.ഡി.എഫിനുണ്ട്. മൂവ്വാറ്റുപുഴയിലും കോതമംഗലത്തും യു.ഡി.എഫിന് പുതിയ സ്ഥാനാർത്ഥികളെത്തിയത് ഭീഷണിയായിട്ടുണ്ടോയെന്ന ആശങ്കയാണ് എൽ.ഡി.എഫിന്.

കൊവിഡ് മുൻകരുതൽ

കൗണ്ടിംഗ് കേന്ദ്രത്തിലെത്തുന്നവർക്ക് 24 മണിക്കൂറിനുള്ളിലെടുത്ത ആൻ്റിജൻ ടെസ്റ്റ് നടത്തണം. വിജയിക്കുന്ന സ്ഥാനാർത്ഥിക്കോ പ്രതിനിധിക്കോ ഒപ്പം രണ്ടു പേരുമായി വന്ന് വേണം ഔദ്യോഗിക രേഖകൾ കൈപ്പറ്റാൻ. തപാൽ വോട്ടുകൾ എണ്ണുന്ന മേശകൾ ഒന്നിൽ നിന്ന് എട്ടാക്കി വർദ്ധിപ്പിച്ചു. ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ആകെ ജീവനക്കാർ 6,207 പേരും ഏജൻ്റുമാർ 2,396 പേരുമാണ്. ജില്ലാ വരണാധികാരിയാണ് കൊവിഡ് പ്രോട്ടോക്കോൾ നോഡൽ ഓഫീസർ.