പറവൂർ: കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കൂനമ്മാവ് സെന്റ് ഫിലോമിനാസ് ദേവാലയ അങ്കണത്തിൽ തരിശുകിടന്ന ഒരേക്കർ സ്ഥലത്ത് ജൈവപച്ചക്കറി കൃഷിയാരംഭിച്ചു. ബോയ്സ് ഹോമിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് കൃഷിചെയ്യുന്നത്. കൊവിഡ് കാലത്ത് വീട്ടിൽ വെറുതെയിരുന്ന് സമയം പാഴാക്കാതെ കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകവഴി ഭക്ഷ്യസ്വയംപര്യാപ്തതയെന്നതാണ് ലക്ഷ്യം.
നടീൽ ഉദ്ഘാടനം കൂനമ്മാവ് സെന്റ് ഫിലോമിനാസ് ചർച്ച് ഇടവക വികാരി ഫാ. ഡിക്സൺ. ഫെർണാണ്ടസ് നിർവഹിച്ചു. കോട്ടുവള്ളി കൃഷി ഓഫീസർ കെ.സി. റെയ്‌ഹാന, ഫാ. സംഗീത്. കൃഷി അസിസ്റ്റന്റ് എസ്.കെ. ഷിനു. കർഷകൻ ഷിജൻ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ.