തോപ്പുംപടി: 75 വർഷങ്ങൾക്കു മുൻപ് അര ക്ളാസ് പഠിച്ചിറങ്ങിയ മുണ്ടംവേലി സെന്റ് ലൂവീസ് സ്കൂളിന്റെ പഴയ കെട്ടിടം പൊളിക്കുന്നത് നോക്കി നിൽക്കുമ്പോൾ പഴയ സ്കൂൾ ഓർമകൾ പങ്കുവയ്ക്കുകയാണ് കുടുത്തനാശേരി വീട്ടിൽ 80കാരനായ അഗസ്റ്റിൻ. ഇവിടെ നിന്നും പഠിച്ചിറങ്ങിയ നിരവധി പേർ സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. അതിൽ ഒരാളാണ് റിട്ട. നേവി ഉദ്യോഗസ്ഥൻ പുളിയനത്ത് ജോയ്. അന്നത്തെ കാലത്ത് അദ്ധ്യാപകരുടെ കൂലി മാസം 5 രൂപയാണ്. ചില അധ്യാപകർ പണത്തിന് പകരം നെല്ല് വാങ്ങിക്കൊണ്ടു പോകും. അഗസ്റ്റിൻ ഓർക്കുന്നു.1868 ലാണ് ഇവിടെ പള്ളിവന്നത്. ഇതിനോടനുബന്ധിച്ചാണ് ഇവിടെ എൽ.പി.സ്ക്കൂൾ തുടങ്ങിയത്. ഇപ്പോൾ സമീപത്ത് തന്നെ പുതിയ സ്ക്കൂൾ പണിതതോടെയാണ് പഴയ കെട്ടിടം പൊളിച്ചുനീക്കി മൈതാനമാക്കി മാറ്റുന്നത്. ഒരു സ്വകാര്യ വ്യക്തിക്കാണ് കെട്ടിടം പൊളിച്ചുനീക്കാനുള്ള കരാർ നൽകിയിരിക്കുന്നത്. പത്താം ക്ളാസു വരെ ഇവിടെ പഠനം ഉണ്ട്. പട്ടിണിമൂലം അന്ന് പഠനം പൂർത്തിയാക്കാൻ കഴിയാത്തതിൽ അഗസ്റ്റിന് വിഷമമുണ്ട്. അന്ന് ഇന്നത്തെ പോലെ സ്ക്കൂളുകളിൽ ഭക്ഷണമില്ല. വീട്ടിലെ പഴങ്കഞ്ഞി തന്നെ ശരണം. അഗസ്റ്റിൻ ഓർമ്മ പുതുക്കുന്നു. അന്നത്തെ ഇവിടത്തെ മുതലാളൻമാർ പള്ളി പണിയുന്നതിനായി പാട്ടത്തിന് കൊടുത്ത സ്ഥലത്താണ് ഇപ്പോൾ സ്ക്കൂളും പ്രവർത്തിക്കുന്നത്. പിൽക്കാലത്ത് ഈ സ്ഥലം പള്ളിയുടെ സ്വന്തം സ്ഥലമായി മാറി.അഗസ്റ്റിൻ പറഞ്ഞു നിർത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ള സ്ക്കൂൾ കെട്ടിടം പൊളിച്ചുനീക്കുന്നതോടെ പലരും പഴയ കാല ഓർമ്മകൾ നവ മാദ്ധ്യമങ്ങളിൽ കുത്തിക്കുറിക്കാൻ തുടങ്ങി. ഇനി ആ ഒരു കാലം ഓർമ്മയിൽ മാത്രം.