ആലുവ: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ വോട്ടെണ്ണൽ ദിനത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ജില്ലയിൽ കർശനമാക്കുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. ഗവ.ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ പെരുമ്പാവൂർ, യു.സി കോളേജ് ആലുവ, ശ്രീനാരായണ ഹൈസ്‌കൂൾ നോർത്ത് പറവുർ, ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ നോർത്ത് പറവൂർ, ആശ്രമം ഹയർ സെക്കൻഡറി സ്‌കൂൾ പെരുമ്പാവൂർ, നിർമല പബ്ലിക് സ്‌കൂൾ മൂവാറ്റുപുഴ, നിർമല ഹയർ സെക്കൻഡറി സ്‌കൂൾ മൂവാറ്റുപുഴ, എം.എ കോളേജ് കോതമംഗലം എന്നിവിടങ്ങളാണ് റൂറൽ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ.

എസ്.പിയുടെ നേതൃത്വത്തിൽ കേന്ദ്രസേന ഉൾപ്പെടെ 325 ഉദ്യോഗസ്ഥർ വോട്ടെണ്ണൽ കേന്ദ്രത്തിന്റെ സുരക്ഷ ചുമതലയിലാണ്. റൂറൽ ജില്ലയിൽ 1700 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനാംഗങ്ങളും അഞ്ച് സബ് ഡിവിഷനുകളിലായി ഉണ്ടാകും. ഡിവൈ.എസ്.പി മാർക്കാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ സുരക്ഷാചുമതല. ഇവിടങ്ങളിലെ പ്രവർത്തനങ്ങൾ വീഡിയോ കാമറകളിൽ പകർത്തും . ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ടുമാരുടെ സാന്നിദ്ധ്യം ഉറപ്പാക്കും.