പള്ളുരുത്തി: കൊവിഡ് രോഗികളുടെ എണ്ണം 400 കവിഞ്ഞതോടെ കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് അടച്ചു പൂട്ടി. വടക്കെ അറ്റവും തെക്കെ അറ്റവും കണ്ടക്കടവ്-കുമ്പളങ്ങി റോഡ്, ആഞ്ഞിലിത്തറ റോഡ്, പെരുമ്പടപ്പ് - കുമ്പളങ്ങി പാലം ഉൾപ്പടെ നാല് അതിരുകളും പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു പൂട്ടി.റോഡിൽ കൂട്ടം കൂടിയാൽ പിഴ ഈടാക്കും.10 വയസിന് താഴെയുള്ളവർക്കും 60 വയസിനു മുകളിലുള്ളവർക്കും റോഡിലേക്ക് പ്രവേശനം വിലക്കി. അത്യാവശ്യ കടകളായ പാൽ, പത്രം, പച്ചക്കറി, പലചരക്ക്, മാർക്കറ്റ് എന്നിവയുടെ പ്രവർത്തനം രാവിലെ 7 മുതൽ വൈകിട്ട് 5 വരെയാക്കി. ജോലിക്ക് പോകുന്നവർ സത്യവാങ്ങ്മൂലം കാണിക്കണം. ബസ് സർവീസ് പൂർണമായും നിർത്തി. ഓട്ടോറിക്ഷ സർവീീസ് ഫോണിലൂടെ മാത്രം. വിവാഹത്തിന് 20 പേരും മരണാവശ്യത്തിന് 10 പേരും മാത്രമാക്കി ചുരുക്കി. കടകളിൽ സാനിറ്റൈസർ സ്ഥാപിക്കാത്തവർക്ക് പിഴ ഈടാക്കും.നിയമങ്ങൾ ലംഘിക്കുന്നവർക്ക് പിഴകൂടാതെ ദുരന്തനിവാരണ നിയമവകുപ്പ്് പ്രകാരം നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് ലിജബാബുതോമസ് അറിയിച്ചു.