മൂവാറ്റുപുഴ: കർഷകർക്ക് സേവനങ്ങൾ ലഭ്യമാക്കുവാൻ കൃഷിവകുപ്പ് ആരംഭിച്ച ഹൈടെക് അഗ്രോ സർവീസ് സെന്റർ കഴിഞ്ഞ സാമ്പത്തികവർഷം വൈവിദ്ധ്യമാർന്ന സേവനങ്ങൾ ഏറ്റെടുത്ത് ശ്രദ്ധേയമായി. എഴുപത് ലക്ഷത്തോളം രൂപയുടെ ടേണോവറാണ് നേടിയത്. നാലു ലക്ഷത്തോളം പച്ചക്കറിത്തൈകളും, വളർച്ചാമാദ്ധ്യമം നിറച്ച 15000 ഗ്രോബാഗുകളും, 3500 ഉത്പന്നക്കിറ്റുകളും കൃഷിഭവനുകൾ മുഖേന വിതരണംചെയ്തു.
സംയോജിത കീടരോഗ നിയന്ത്രണത്തിനായി 25000 തെങ്ങുകളിൽ തലപ്പ് വൃത്തിയാക്കി കീടനാശിനി പ്രയോഗവും ആറ് മഴമറ നിർമ്മാണവും ഏറ്റെടുത്തു. കർഷകരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിന് ആഴ്ചച്ചന്ത, സാധനങ്ങളുടെ വില്പന, കൃഷിയിടത്തിൽ പരിശീലനം സിദ്ധിച്ച ടെക്നീഷ്യന്മാരുടെ സേവനം ലഭ്യമാക്കൽ, പച്ചക്കറികൃഷി, വിവിധ കാർഷിക യന്ത്രങ്ങൾ ലഭ്യമാക്കൽ തുടങ്ങിയവയും ഏറ്റെടുത്തു. കർഷകർക്ക് ഉപദേശം നൽകുന്നതിന് കാർഷിക വിദഗ്ദ്ധന്റെ സേവനവും ലഭ്യമാണ്. വിവിധ മേഖലകളിൽ പരിശീലനം ലഭിച്ച പന്ത്രണ്ടോളം ടെക്നീഷ്യന്മാരുണ്ട്.
മൂവാറ്റുപുഴ സ്റ്റേഡിയത്തിനടുത്ത് കൃഷിവകുപ്പിനു കീഴിലുള്ള കാർഷിക മൊത്തവ്യാപാര വിപണി കാമ്പസിലാണ് സെന്റർ പ്രവർത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളൊരുക്കി 2020 ഏപ്രിലിലാണ് പൂർണമായും പ്രവർത്തനമാരംഭിച്ചത്. മൂവാറ്റുപുഴ കൃഷി അസിസ്റ്റൻഡ് ഡയറക്ടർ ടാനി തോമസ്, ഫെസിലിറ്റേറ്റർ ജോഷി പി.എം, പ്രസിഡന്റ് അൻഷാജ് ടി.എം, സെക്രട്ടറി എൽദോസ് എൻ. പോൾ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.