കൊച്ചി : സിവിൽ സർവീസിൽ താത്പര്യമുള്ള ഗോത്രവിഭാഗത്തിലുൾപ്പെട്ട യുവതീ യുവാക്കൾക്കു വേണ്ടി കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി (കെൽസ) സംഘടിപ്പിച്ച ഒാൺലൈൻ ഒാറിയന്റേഷൻ പ്രോഗ്രാം 21 മുതൽ 28 വരെ നടത്തി. തൃശൂർ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയുടെയും സഹകരണത്തോടെ നടത്തിയ പ്രോഗ്രാം ഹൈക്കോടതി ജഡ്‌ജിയും കെൽസയുടെ എക്‌സിക്യുട്ടീവ് ചെയർമാനുമായ ജസ്റ്റിസ് സി.ടി. രവികുമാർ ഉദ്ഘാടനം ചെയ്തു. തൃശൂർ ജുഡിഷ്യൽ ജില്ലയുടെ ചുമതലയുള്ള ജസ്റ്റിസ് എസ്.വി ഭട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ചെയർമാനും ജില്ലാ ജഡ്‌ജിയുമായ ഡി. അജിത് കുമാർ, കെൽസയുടെ മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ നിസാർ അഹമ്മദ്, സബ് ജഡ്‌ജി പി.എസ്. നിഷി, അഡി. ജില്ലാ ജഡ്ജി കെ.എസ്. രാജീവ് എന്നിവർ സംസാരിച്ചു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മുൻ ഡി.ജി.പിമാരായ അലക്സാണ്ടർ ജേക്കബ്, ജേക്കബ് പുന്നൂസ് തുടങ്ങിയവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. നൂറോളം പേർ പ്രോഗ്രാമിൽ പങ്കെടുത്തു.