വൈപ്പിൻ: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ 12 അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവരുമായി അടുത്തിടപഴകിയവർ ആശങ്കയിലായി. പഞ്ചായത്തിലെ 23 അംഗങ്ങളിൽ 22 പേർക്കാണ് 4 ദിവസം മുൻപ് ആന്റിജൻ ടെസ്റ്റും ആർ.ടി.പി.സി.ആർ ടെസ്റ്റും നടത്തിയത്. ആന്റിജൻ പരിശോധനയിൽ ഇവർക്കെല്ലാം നെഗറ്റീവായിരുന്നു. തുടർന്ന് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ ഇടറോഡുകൾ അടച്ചുകെട്ടിയത് ഇവരുടെ നേതൃത്വത്തിലായിരുന്നു. എന്നാൽ പിന്നീട് ആർ.ടി.പി.സി.ആർ പരിശോധനാഫലം പോസീറ്റിവ് ആണെന്നറിഞ്ഞതോടെ ഇവരോടൊപ്പം പ്രവർത്തനങ്ങൾക്ക് സഹകരിച്ചവരും മറ്റുള്ളവരും ആശങ്കയിലായി.
കണ്ടെയ്‌ൻമെന്റ് സോണിൽ തുടരുന്നതിനാൽ മാലിപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് കൊവിഡ് ബാധിതർക്കായി പുതിയ ചികിത്സാകേന്ദ്രം തുറന്നു. ഇവിടെ നടത്തിവന്നിരുന്ന കൊവിഡ് വാക്‌സിൻ പ്രതിരോധ കുത്തിവയ്പ് താത്കാലികമായി നിറുത്തിവച്ചു. ബദൽ സംവിധാനമെന്ന നിലയിൽ മാലിപ്പുറം സെന്റ് പീറ്റേഴ്‌സ് എൽ.പി സ്‌കൂൾ പരിഗണിക്കുന്നുണ്ട് .
ഇന്നലെ മാലിപ്പുറം ആശുപത്രി മെഡിക്കൽ ഓഫീസറും ആരോഗ്യപ്രവർത്തകരും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും സ്‌കൂൾ പരിശോധിച്ച് മതിയായ സൗകര്യമുണ്ടെന്ന് ഉറപ്പുവരുത്തി.