കോലഞ്ചേരി: പി.പി.ഇ കിറ്റുധരിച്ച് പരീക്ഷാഡ്യൂട്ടിക്ക് അദ്ധ്യാപികയെത്തിയതോടെ കുട്ടികൾ ടെൻഷനില്ലാതെ പരീക്ഷ എഴുതി. കൊവിഡ് ബാധിതരായ മൂന്ന് കുട്ടികളാണ് ബി.ആർ.സി സ്പെഷ്യൽ ട്രെയിനറായ പി.കെ. ചന്ദ്രികയുടെ മനക്കരുത്തിൽ എസ്.എസ്.എൽ.സി പരീക്ഷ പൂർത്തിയാക്കിയത്. പൂതൃക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഭിന്നശേഷിക്കാരനും കൊവിഡ് ബാധിതനുമായ കുട്ടിക്ക് വ്യാഖ്യാതാവായി എത്തിയതായിരുന്ന അവർ. സ്കൂളിലെത്തിയപ്പോഴാണ് കൊവിഡ് ബാധിതരായ മറ്റ് രണ്ടുകുട്ടികൾ പരീക്ഷ എഴുതുന്നതായി അറിയുന്നത്. ഇതോടെ പി.പി.ഇ കിറ്റിട്ട് എത്തിയ കുട്ടികൾക്കൊപ്പം താനും കിറ്റു ധരിച്ച് നിൽക്കാമെന്ന് പ്രധാന അദ്ധ്യാപികയെ അറിയിക്കുകയായിരുന്നു. ഇതോടെ മറ്റു രണ്ടു പേരെയും ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്കൊപ്പം ഒരേ പരീക്ഷാ ഹാളിലിരുത്തി പരീക്ഷ പൂർണമാക്കി.
പരീക്ഷ ഹാളിൽ അദ്ധ്യാപകരുടെ സാന്നിദ്ധ്യമുണ്ടെങ്കിൽ കുട്ടികൾക്ക് മാനസിക സംഘർഷമില്ലാതെ പരീക്ഷ എഴുതാൻ കഴിയുമെന്നതിനാലാണ് മൂവർക്കുമായി പി.പി.ഇ കിറ്റു ധരിച്ച് കൂടെ നിൽക്കാൻ തയ്യാറായതെന്ന് ചന്ദ്രിക പറയുന്നു. നേരത്തെ കൊവിഡ് ബാധിച്ച് മാറിയതിനാൽ അസുഖത്തിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് നന്നായി അറിയാം. മാനസിക സംഘർഷമില്ലാതെ അവർക്ക് പിന്തുണ നൽകാൻ കഴിഞ്ഞതിലുള്ള ആത്മ സംതൃപ്തിയിലാണ് ഈ അദ്ധ്യാപിക.