1
കുമ്പളങ്ങിയിലേക്ക് പോകാൻ ഇന്നലെ എത്തിയ വാഹനങ്ങളുടെ നീണ്ട നിര

പള്ളുരുത്തി: അടച്ചു പൂട്ടിയ കുമ്പളങ്ങിയിലേക്ക് നാട്ടുകാർ കൂട്ടത്തോടെ എത്തിയത് പൊലീസിനെ വലച്ചു. രോഗബാധിതർ കൂടിയതോടെയാണ് ഗ്രാമം അടച്ചു പൂട്ടിയത്. എന്നാൽ ജോലിക്കു പോകുന്നവരെ കൂടാതെ ചെറിയ ചെറിയ ആവശ്യങ്ങളുമായി എത്തിയവരെയാണ് പൊലീസ് തടഞ്ഞത്. എന്നാൽ വാഹന നിര നീണ്ടതോടെ ഗത്യന്തരമില്ലാതെ ഇന്നലെ പൊലീസ് ബാരിക്കേഡ് തുറന്നുകൊടുത്തു. പിന്നീട് പ്രവേശനം നിയന്ത്രിച്ചു.വാഹനങ്ങളുടെ നീണ്ട നിര സെൻ്റ് .ജോസഫ് പള്ളി വരെ നീണ്ടു. ഇതോടെ മെഡിക്കൽ ആവശ്യത്തിനായി എത്തിയവരും കുരുക്കിൽപ്പെട്ടു. എന്നാൽ കടത്തിവിടുന്നവരെ പിന്നെ തിരിച്ച് വിടില്ലെന്ന് പൊലീസ് പറഞ്ഞതോടെ ചിലർ മടങ്ങി പോയി.എസ്.ഐ.വൈ. ദീപുവിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി പിന്നീട് ഗതാഗതം നിയന്ത്രിച്ചു. രോഗവ്യാപനം പിടിച്ചു നിർത്താൻ നാട്ടുകാർ പൊലീസിനോട് സഹകരിക്കണമെന്നും എസ്.ഐ കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ഈ ഭാഗങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.