sanu-mohan

 വൈഗയ്ക്ക് മദ്യം നൽകിയത് ഫ്ളാറ്റിൽ വച്ച്

തൃക്കാക്കര: വൈഗ കൊലക്കേസ് പ്രതി സാനു മോഹനെ നാല് ദിവസത്തേക്ക് കൂടി കാക്കനാട് മജിസ്ട്രേട്ട് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. എന്നാൽ, സാമ്പത്തിക തട്ടിപ്പ് കേസിൽ സാനുവിന്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള മുംബയ് പൊലീസിന്റെ അപേക്ഷ കോടതി പരിഗണിച്ചില്ല. സാനുവിനു വേണ്ടി ഇന്നലെ കോടതി​യി​ൽ അഭി​ഭാഷകനും ഹാജരായി.

മൊഴി​കൾ മാറ്റിപ്പറയുന്ന സാനുവിന്റെ വി​ചി​ത്ര സ്വഭാവം പൊലീസി​നെ വശംകെടുത്തുന്നുണ്ട്. ഇതി​നെ നേരി​ടാൻ വരും ദി​നങ്ങളി​ലെ ചോദ്യം ചെയ്യലുകളി​ൽ മന:ശാസ്ത്ര വിദഗ്ദ്ധന്റെ സേവനം കൂടി​ പ്രയോജനപ്പെടുത്തും.

കൊല നടന്ന ദി​വസം തൃക്കുന്നപ്പുഴയിൽ നി​ന്ന് സാനു വൈഗയുമായി കാക്കനാട്ടെ ഫ്ലാറ്റിലേക്ക് വരുന്നതിനിടെ ഭക്ഷണം വാങ്ങിയ അരൂരിലെ ബേക്കറിയിലും രമ്യയുടെ സഹോദരിയുടേതടക്കം മൂന്ന് വീടുകളിലും തെളിവെടുപ്പ് നടത്താനുണ്ട്.

വൈഗയ്‌ക്ക് മദ്യം നൽകിയത് കാക്കനാട് കങ്ങരപ്പടി ഹാർമണി ഫ്‌ളാറ്റിൽ വച്ചാണെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറയുന്നു. മാർച്ച് 21ന് തൃക്കുന്നപ്പുഴയിൽ നിന്ന് വൈഗയുമായി രാത്രി ഒമ്പതരയോടെയാണ് സാനു ഫ്ളാറ്റി​ലെത്തി​യത്. കുട്ടിക്ക് അമിതമായ അളവിൽ കോളയിൽ മദ്യം നൽകി കൊല്ലാനാണ് ശ്രമിച്ചത്.


തട്ടിപ്പ് കേസ് ആറ് കോടിക്ക്

സാനു മോഹനെതിരെ മഹാരാഷ്ട്രയി​ൽ കേസെടുത്തത് ആറുകോടി രൂപയുടെ തട്ടി​പ്പി​ലാണെന്ന് മുംബയ് പൊലീസ് കോടതിയെ അറിയിച്ചു. സാനുവി​നെ അറസ്റ്റ് ചെയ്യാനുളള അനുമതി തേടിയാണ് അന്വേഷണ സംഘം ഇന്നലെ കോടതിയിൽ എത്തിയത്. ഇത് കോടതി​ അനുവദി​ക്കാതെ കസ്റ്റഡിക്കായി അപേക്ഷ സമർപ്പിക്കാൻ നി​ർദേശി​ച്ചു. പൂനെയിൽ ലെയ്ത്ത് ബിസിനസിന് വേണ്ടി​ സ്റ്റീൽ വാങ്ങിയ വകയിൽ ആറു കോടിരൂപയുടെ വണ്ടിച്ചെക്ക് നൽകിയെന്നാണ് കേസ്.