devika
ദേവിക സുരേഷ്

കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ (കുഫോസ്) അവസാന സെമസ്റ്റർ ബി.എഫ്.എസ്.സി വിദ്യാർത്ഥിനി സുരേഷിന് യുറോപ്പിൽ പി.ജി.പഠനത്തിനായുള്ള യൂറോപ്യൻ യൂണിയന്റെ എറാസ്മസ് മുണ്ടസ് സ്‌കോളർഷിപ്പ് ലഭിച്ചു. 49,000 യൂറോ ( 44.5 ലക്ഷം രൂപ) പഠനാവശ്യങ്ങൾക്ക് നൽകുന്ന എറാസ്മസ് മുണ്ടസ് ലോകത്തിലെ ഏറ്റവും മിടുക്കരായ ബിരുദ വിദ്യാർത്ഥികൾക്ക് യൂറോപിൽ പി.ജി.പഠനത്തിനായി യൂറോപ്യൻ യൂണിയൻ നൽകുന്നതാണ്. ഇതോടെ കുഫോസിൽ നിന്ന് ഈ വർഷം എറാസ്മസ് മുണ്ടസ് സ്‌കോളർഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ എണ്ണം നാലായി. യുറോപിലെ നാല് രാജ്യങ്ങളിലുള്ള വിവിധ യൂണിവേഴ്‌സിറ്റികളിൽ ഒരോ സെമസ്റ്റർ വീതം പഠിക്കാൻ അവസരം ലഭിക്കും എന്നതാണ് എറാസ്മസ് മുണ്ടസ് സ്‌കോളർഷിപ്പിന്റെ പ്രത്യേകത. ഇതനുസരിച്ച് അക്വാകൾച്ചർ ഹെൽത്ത് സയൻസ് മാനേജ്‌മെന്റിൽ ഗെന്റ് (ബെൽജിയം) , വാഗിനിങ്കൻ (ഹോളണ്ട്), ബാഴ്‌സലോണ (സ്‌പെയിൻ), നോർവീജിയൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (നോർവ്വെ) എന്നീ യൂണിവേഴ്‌സിറ്റികളിലാണ് ദേവിക സുരേഷ് പി.ജി.പഠനം നടത്തുക. തിരുവനന്തപുരം ആറ്റിങ്ങൽ ശ്രീദേവികം വീട്ടിൽ സുരേഷ് പിള്ളയുടെയും ബിന്ദുവിന്റെയും മകളാണ് ദേവിക സുരേഷ്.