സംസ്ഥാനം ദുരന്തത്തിന്റെ വക്കിലെന്ന് ഹൈക്കോടതി
കൊച്ചി: കൊവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായ സാഹചര്യത്തിൽ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മേയ് ഒന്നു മുതൽ നാലു വരെ രാഷ്ട്രീയ പാർട്ടികളോ മറ്റുള്ളവരോ യോഗങ്ങളും റാലികളും ആഹ്ളാദപ്രകടനങ്ങളും നടത്തുന്നത് കർശനമായി തടയണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രകടനങ്ങൾ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ ഡോ. കെ.പി. പ്രദീപ് നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. വോട്ടെണ്ണൽ കേന്ദ്രങ്ങൾ, രാഷ്ട്രീയ പാർട്ടികളുടെ ഒാഫീസ്, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലുൾപ്പെടെ നിയന്ത്രണം ബാധകമാണ്. ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം, കേരള പകർച്ചവ്യാധി പ്രതിരോധ നിയമം തുടങ്ങിയവ പ്രകാരം ഉടൻ നടപടിയെടുക്കണം. ഡി.ജി.പി, ജില്ലാ കളക്ടർമാർ, ജില്ലാ പൊലീസ് മേധാവികൾ, പൊലീസ് കമ്മിഷണർമാർ തുടങ്ങിയവർ ഇക്കാര്യം ഉറപ്പാക്കണം. സംസ്ഥാനം ഒരു ദുരന്തത്തിന്റെ വക്കിലെത്തി നിൽക്കുമ്പോൾ അരുതാത്തതെന്തെങ്കിലും സംഭവിക്കുന്നത് അനുവദിക്കാനാവില്ലെന്നും
ഹൈക്കോടതി വ്യക്തമാക്കി.
ഇലക്ഷൻ കമ്മിഷനെ കേസിൽ സ്വമേധയാ കക്ഷി ചേർത്തു. മേയ് നാലിന് ഹർജി വീണ്ടും പരിഗണിക്കും. വോട്ടെണ്ണലിനോടനുബന്ധിച്ചുള്ള നിയന്ത്രണങ്ങൾ വ്യക്തമാക്കി സർക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും ഉത്തരവുകളിറക്കിയിട്ടുണ്ടെന്ന് സർക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി കെ.വി. സോഹൻ വിശദീകരിച്ചു.
ഹൈക്കോടതി
പറഞ്ഞത്
അങ്ങയേറ്റം ജാഗ്രതയോടെയും ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കണമെന്ന് ദിനംപ്രതി കുതിച്ചുയരുന്ന കൊവിഡ് രോഗികളുടെ എണ്ണം ഒാർമ്മിപ്പിക്കുന്നു.
സർക്കാരിന്റെയും കമ്മിഷന്റെയും ഉത്തരവുകൾ കടലാസിലുറങ്ങിയാൽ പോരാ. ആരെന്ത് പറഞ്ഞാലും സാമൂഹ്യ അകലമുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കണം.
നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ നടപടിയെടുക്കുന്നതിനേക്കാൾ ലംഘനം തടയാനുള്ള നടപടിയാണ് ഇപ്പോൾ വേണ്ടത്.