കുറുപ്പംപടി: കൂവപ്പടി പഞ്ചായത്തിൽ സമ്പൂർണ ലോക്ക്ഡൗൺ നിലവിൽ വന്നു. കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതുകൊണ്ടാണ് പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചത്. എന്നാൽ നിയന്ത്രണങ്ങളോട് ജനങ്ങൾ പൂർണമായും സഹകരിക്കാത്തത് അധികാരികൾക്ക് തലവേദനയാകുന്നുണ്ട്. ഗ്രാമീണ റോഡുകൾ മുഴുവനായും അടയ്ക്കും എന്ന പ്രഖ്യാപനവും പൂർണമായി നടപ്പിലാക്കിയിട്ടില്ല.

കൂവപ്പടി പഞ്ചായത്തിൽ ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും തൊഴിലുറപ്പ് പദ്ധതികളും താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. അത്യാവശ്യ നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ചു വരെ മാത്രം സാമൂഹിക അകലം പാലിച്ച് പ്രവർത്തിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. മുന്നൂറോളം ആളുകൾ ചികിത്സയിൽ കഴിയുന്ന പഞ്ചായത്തിൽ പതിനാല് കൊവിഡ് മരണങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ഇരുപത് വാർഡുകളും കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചത്.