കുറുപ്പംപടി: അശമന്നൂർ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. കൊവിഡ് പോസിറ്റീവായ രോഗികളുടെ വീടുകളിലാണ് കിറ്റ് വിതരണം നടത്തിയത്. 1000 രൂപ വിലവരുന്ന 12 ഇനം പച്ചക്കറി, അരി, പലവ്യഞ്ജനങ്ങൾ എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയിൽ 100 കിറ്റുകളാണ് വിതരണം നടത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി അറിയിച്ചു.

കിറ്റ് വിതരണത്തിന്റെ രണ്ടാം ഘട്ടം സന്നദ്ധ സംഘടനകൾ, ജാഗ്രത സമിതി എന്നിവരുടെ നേതൃത്വത്തിൽ ഉടൻ നൽകാൻ സാധിക്കുമെന്നും പ്രസിഡന്റ് ഷിജി ഷാജി അറിയിച്ചു. പൂർണമായും കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ഇത്തരം പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്നും വ്യക്തമാക്കി.

പഞ്ചായത്തു പരിധിയിലെ കൊവിഡ് പോസിറ്റീവായ മുഴുവൻ കുടുംബങ്ങളെയും സംരക്ഷിക്കണമെന്നും മഹാമാരിയെ ഒന്നിച്ചു നിന്ന് പോരാടി തോൽപ്പിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. പ്രതിരോധ നിയന്ത്രണ പ്രവർത്തനത്തിലേക്ക് സന്നദ്ധരായ യുവതി യുവാക്കൾ മുന്നിട്ടിറങ്ങി പഞ്ചായത്തിലെത്തി പേര് രജിസ്റ്റർ ചെയ്യണമെന്ന് നോഡൽ ഓഫീസറും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുമായ കെ.കെ.അനി അറിയിച്ചു. കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി പഞ്ചായത്തിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ജോബി ഐസക്, പ്രതിപക്ഷ നേതാവ് ജിജു , വാർഡ് മെമ്പർമാർ, ആശ പ്രവർത്തകർ വിവിധ ആരോഗ്യവിഭാഗം പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.