പറവൂർ: വടക്കേക്കര പഞ്ചായത്തിലെ തുരുത്തിപ്പുറം മാർക്കറ്റിന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ സാമൂഹിക വിരുദ്ധന്റെ ആക്രമണം. കടയുടെ പുറത്ത് വച്ചിരുന്ന ഫ്രൂട്സ് തട്ടുകളും പാൽ സംഭരണ പാത്രങ്ങളും റോഡിലേക്കു വലിച്ചെറിഞ്ഞു. സോഡ കുപ്പി എടുത്തു റോഡിലിട്ടു പൊട്ടിച്ചു. ഷോപ്പിംഗ് കോംപ്ലക്സിലെ മോട്ടർ ഓൺ ആക്കി വെള്ളം റോഡിലേക്ക് ഒഴുക്കിക്കളഞ്ഞു. വ്യാഴാഴ്ച രാത്രി 11.30നും 12നും ഇടയിലാണ് സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം മാർക്കറ്റിലെ പച്ചക്കറി കടകളിൽ മോഷണശ്രമം നടന്നിരുന്നു. കൊവിഡിന്റെ സാഹചര്യത്തിൽ വൈകിട്ട് നാലിന് വ്യാപാരസ്ഥാപനങ്ങൾ അടച്ചുകഴിഞ്ഞാൽ പ്രദേശം വിജനമാണ്. ഇവിടെയുള്ള സി.സി.ടി.വി ക്യാമറയിൽ നിന്ന് അക്രമിയുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മാനസികനില തെറ്റിയ ഇതരസംസ്ഥാനക്കാരനാണ് ഇയാളെന്നാണ് പരിസരവാസികൾ പറയുന്നത്.