കോലഞ്ചേരി: വീണ്ടുമൊരു ലോക്ക് ഡൗൺ ഭീതിയിൽ ഭായിമാർ കൂട്ടത്തോടെ മടങ്ങുന്നു. ഇതോട‌െ നാട്ടിൽ അവശേഷിക്കുന്ന ഭായിമാർ 'പണി ' തുടങ്ങി. ആദ്യ ഘട്ട കൊവിഡ് വ്യാപനത്തിൽ നാടുവിട്ട ഭായിമാർ തിരിച്ചെത്തിയിരുന്നു. ഇവർ പലരും രണ്ടാം ഘട്ടത്തിൽ സർക്കാർ സഹായത്തിന് കാത്തു നിൽക്കാതെ കിട്ടിയ വണ്ടി പിടിച്ച് നാടുവിട്ടു പോവുകയാണ്. കൊവിഡ് ഭീതിയും അന്ധവിശ്വാസങ്ങളുമാണ് പലരും നാടുവിടുന്നതിന് പിന്നിൽ. നാട്ടിൽ നടക്കുന്ന മരണങ്ങളും ഇവർക്ക് ഭീതിയുളവാക്കുന്നുണ്ട്. നാടുവിടൽ കൂടിയതോടെ സമസ്ത തൊഴിൽ മേഖലകളും സ്തംഭനത്തിലാണ്. അതിനിടയിൽ നിലവിൽ നാട്ടിൽ അവശേഷിക്കുന്നവർ തൊഴിലിനുള്ള കൂലി വർദ്ധിപ്പിച്ചാണ് നാട്ടുകാർക്ക് 'പണി 'കൊടുന്നുത്. നാട്ടുപണികൾക്ക് 600 - 700 നിരക്കിലായിരുന്നു നാളിതു വരെ കൂലി. കൂടെ രാവിലെ ഒരു ചായ മാത്രം. ഉച്ചയൂണ് അവർ കൊണ്ടു വരുന്ന രീതിയുമായിരുന്നു. എന്നാൽ തങ്ങളിൽ പെട്ട ഭൂരിഭാഗവും സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചെന്നു ബോദ്ധ്യമായതോടെ അവശേഷിക്കുന്നവർ പണിക്ക് വിളിച്ചാൽ 1000 -1200 നിരക്കിലാണ് കൂലി ചോദിക്കുന്നത്. മൂന്നു നേരം മൃഷ്ടാന്നം ഭക്ഷണവും വേണമത്രെ. മെനു വരെ പറഞ്ഞാണ് പണിയേല്ക്കുന്നത്. പൊറോട്ടയാണ് പ്രഭാത ഭക്ഷണം, പൊറോട്ടയ്ക്കു ചാറു മാത്രം വാങ്ങിയിരുന്ന ഇവർ ഇപ്പോൾ കറി മസ്റ്റാക്കി. ഉച്ചയൂണിന് മീനും. ഇവരിൽ തന്നെ നിരവധി പേർ നാട്ടിലേയ്ക്ക് പോകാൻ കാത്തു നിൽക്കുന്നവരാണ് ട്രയിൻ മാർഗമോ, ബസു മാർഗമോ പോകണമെങ്കിൽ കൊവിഡ് പരിശോധന നിർബന്ധമാണ്. ഇതിനായുള്ള തിരക്കാണ് നാട്ടിലേക്ക് പോകാൻ സമയമെടുക്കുന്നത്. ഇതോടെ ഇവർ പലരും കൊവിഡ് ഭീതിയിൽ പണിക്കു പോകുന്നുമില്ല അതിനാൽ നാട്ടിൽ പണിയെടുക്കാനുള്ളവർ കുറഞ്ഞു. ഇതു മുതലാക്കുകയാണ് മ​റ്റുള്ള ഭായിമാർ. നിർമ്മാണ മേഖല ഇവരുടെ തിരിച്ചു പോക്കോടെ സ്തംഭിച്ച മട്ടാണ്. പ്‌ളൈവുഡ് കമ്പനികളും പ്രതിസന്ധിയിലാണ്. ഹോളോബ്രിക് യൂണി​റ്റുകളും പൂട്ടുകയാണ്. ഇലക്ട്രിക്കൽ വയറിംഗ്, പ്ലംബിംഗ്, ഹോട്ടൽ, വിവിധ സ്ഥാപനങ്ങളിലെ ഹെൽപ്പർമാർ, കടകളിലെ സെയിൽസ് മാൻ മാർ, തടിപ്പണിക്കാർ, വർക്ക് ഷോപ്പ് ജീവനക്കാർ, ചെറുകിട കമ്പനികളിലെ ജോലികളടക്കം സമസ്ത മേഖലകളിലും സ്തംഭനമാണ്.