പറവൂർ: കൊവിഡ് മഹാമാരി പിടിച്ചുലയ്ക്കുന്നതിനിടയിൽ കുടിക്കാൻ വെള്ളവുമില്ലാത്ത അവസ്ഥയാണ് പുത്തൻവേലിക്കരയ്ക്കുള്ളത്. ഗ്രാമത്തിൽ ശുദ്ധജലക്ഷാമം രൂക്ഷമായിരിക്കുകയാണ്. ലോറികളിൽ എത്തുന്ന കുടിവെള്ളം കാത്തിരിക്കുകയാണ് ജനങ്ങൾ. കാലങ്ങളായി തുടരുന്ന ജലക്ഷാമം പരിഹരിക്കാൻ ശാശ്വത നടപടികളുമില്ല. നിലവിൽ പഞ്ചായത്ത് മുഴുവൻ കണ്ടെയ്ൻമെന്റ് സോൺ ആണ്. തുരുത്തിപ്പുറം, തുരുത്തൂർ, വെള്ളോട്ടുംപുറം, പഞ്ഞിപ്പള്ള, പുലിയംതുരുത്ത് തുടങ്ങി മിക്ക പ്രദേശങ്ങളിലും കൃത്യമായി വെള്ളം എത്തുന്നില്ല. പമ്പിംഗ് നടക്കുന്നുണ്ടെങ്കിലും രണ്ടു മുതൽ നാല് വരെ ദിവസങ്ങൾ കൂടുമ്പോഴാണ് പലയിടത്തും വെള്ളം കിട്ടുന്നത്. പമ്പിംഗിലെ പ്രശ്നം കാരണം അധികൃതർ തന്നെ പല ഭാഗങ്ങളിലേക്ക് ഓരോ ദിവസവും വെള്ളം തിരിച്ചുവിടുകയാണ്. മിക്കപ്പോഴും പൈപ്പിലൂടെ നൂലു പോലെയാണ് വെള്ളം ലഭിക്കുന്നത്. കൊവിഡ് പോസിറ്റീവായുള്ള വീടുകളിൽ ആവശ്യപ്പെട്ടാൽ വെള്ളം എത്തിക്കുന്നുണ്ട്. ഇളന്തിക്കര പമ്പ് ഹൗസിൽ നിന്നാണ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കു കുടിവെള്ളം പമ്പ് ചെയ്യുന്നത്. ജലജീവൻ മിഷൻ പദ്ധതിയിൽ പഞ്ചായത്തിൽ ഒട്ടേറെ ഗുണഭോക്താക്കൾക്കു കുടിവെള്ള കണക്ഷൻ നൽകിയതോടെ വെള്ളത്തിന്റെ ഉപയോഗം വർധിച്ചു. ഉപയോഗം കുടിയതിനു അനുസരിച്ച് കൂടുതൽ വെള്ളം ഉൽപാദിപ്പിക്കുന്നില്ല. പമ്പിംഗിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി തന്നെ നടപ്പാക്കുന്നുണ്ടെന്നും പുതിയ മോട്ടറുകൾ സ്ഥാപിക്കാനുള്ള നടപടികളെടുത്തിട്ടുണ്ടെന്നും ജല അതോറിറ്റി അധികൃതർ മാസങ്ങളായി പറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും നാട്ടുകാർ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. മാനാഞ്ചേരിക്കുന്നിലും കൊടികുത്തിയകുന്നിലും ഓവർഹെഡ് ടാങ്കുകൾ വരുന്നതോടെ കുടിവെള്ളക്ഷാമം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. മാനാഞ്ചേരിക്കുന്നിൽ ഓവർഹെഡ് ടാങ്കിന്റെ നിർമാണം പുരോഗമിക്കുകയാണ്. എന്നാൽ, കൊടികുത്തിയകുന്നിൽ ടാങ്ക് നിർമാണത്തിനെതിരെ സ്വകാര്യ വ്യക്തി സ്റ്റേ വാങ്ങിയത് നിർമാണത്തിന് തടസ്സമായിട്ടുണ്ട്.

 വിലകൊടുത്തും വാങ്ങും

പഞ്ചായത്തും സ്വകാര്യം വ്യക്തികളും ലോറിയിൽ വെള്ളം എത്തിക്കുന്നത് താൽക്കാലിക ആശ്വാസമാണെങ്കിലും പ്രശ്നത്തിനു പൂർണമായ പരിഹാരമാകുന്നില്ല. ലഭിക്കുന്ന വെള്ളം കുറച്ചു ഉപയോഗിച്ചാണ് ഓരോ കുടുംബവും മുന്നോട്ട് പോകുന്നത്. കൂടുതൽ വെള്ളം ആവശ്യമുള്ളവർ വലിയ തുക നൽകി വാങ്ങുന്നുണ്ട്.