കോലഞ്ചേരി: കൊവിഡിനെ നേരിടാൻ ഗവ.ആയുർവേദ ആശുപത്രികളും സജ്ജം. കൊവിഡ് രണ്ടാം തരംഗത്തിൽ പ്രതിരോധ മരുന്നുകളും കൊവിഡ് ചികിത്സാ മരുന്നുകളും രോഗമുക്തിക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കുന്നതിനുമുള്ള മരുന്നുകളും ഭാരതീയ ചികിത്സ വകുപ്പിന് കീഴിലുള്ള ആയുർവേദ ഡിസ്‌പെൻസറികളിലും ആശുപത്രികളിലും തയ്യാറായിട്ടുണ്ട്. 60 വയസിൽ താഴെയുള്ളവരുടെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള 'സ്വാസ്ഥ്യം', 60 വയസിന് മുകളിലുള്ളവർക്ക് വേണ്ടി 'സുഖായുഷ്യം', കാറ്റഗറി എ കൊവിഡ് രോഗബാധിതർക്കുള്ള 'ഭേഷജം' ക്വാറന്റൈനിലുള്ളവരുടെ രോഗപ്രതിരോധം ലക്ഷ്യം വച്ചുള്ള 'അമൃതം', കൊവിഡ് രോഗമുക്തിക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കുന്നതിനുതകുന്ന 'പുനർജനി'യുമാണ് പദ്ധതികൾ. വീടുകളിലേക്ക് അണു നശീകരണത്തിനായി അപരാജിത ധൂപചൂർണവുമുണ്ട്. പദ്ധതികളുടെ ഗുണഭോക്താക്കളാകാൻ ആഗ്രഹിക്കുന്നവർ ആശാ വർക്കർമാർ മുഖേന ആയുർവേദ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടണം.