ആലുവ: കൊവിഡ് തീവ്രവ്യാപനത്തിൽ നഗരം വിറങ്ങലിക്കുമ്പോഴും നഗരസഭ സെക്രട്ടറി അവധിയെടുത്തിരിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി ആക്ഷേപം. നഗരസഭ സെക്രട്ടറിക്കും, എൻജിനിയർക്കും താമസിക്കുന്നതിനായി നഗരഹൃദയത്തിൽ ഇരുനില കെട്ടിടം ഉണ്ടെങ്കിലും അത് ഉപയോഗിക്കാതെ കാടുപിടിച്ച് കിടക്കുകയാണെന്നും ആക്ഷേപമുണ്ട്.
രണ്ടാഴ്ച്ചയോളമായി നഗരസഭ സെക്രട്ടറി അവധിയിലാണെന്ന് ബി.ജെ.പി കൗൺസിലർ പി.എസ്. പ്രീത ആരോപിച്ചു. അടിയന്തര സാഹചര്യത്തിൽ നഗരവാസികൾക്ക് നഗരസഭയുടെ സേവനം ഉറപ്പാക്കുന്നതിനാണ് സെക്രട്ടറിക്കും എൻജിനിയർക്കും ക്വാർട്ടേഴ്സ് അനുവദിക്കുന്നത്. എന്നാൽ ഇത് ഉപയോഗിക്കാതെ ഇരുവരും കിലോമീറ്ററുകൾ അകലെയുള്ള വീടുകളിൽ നിത്യേന പോകുകയാണ്. ഇതുമൂലം നഗരത്തിൽ അത്യാഹിതം സംഭവിച്ചാൽ പോലും ഇരുവർക്കും എത്തിച്ചേരണമെങ്കിൽ മണിക്കൂറുകൾ വേണ്ടിവരും. ഭരണപക്ഷത്തിന്റെ വീഴ്ച്ചയാണ് അടിയന്തര ഘട്ടങ്ങളിൽ പോലും സെക്രട്ടറി ഉൾപ്പെടെ അവധിയെടുക്കുന്നതിന് കാരണമെന്നും ബി.ജെ.പി അംഗങ്ങൾ ആരോപിച്ചു. അടിയന്തര സാഹചര്യത്തിൽ സെക്രട്ടറിയുടെ സേവനം ഉറപ്പാക്കാൻ നഗരസഭ അധികൃതർ നടപടിയെടുക്കണമെന്ന് ബി.ജെ.പി അംഗങ്ങളായ പി.എസ്. പ്രീത, ഇന്ദിരാദേവി, എസ്. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.