കൊച്ചി: നഗരത്തിലെ കോവിഡ് രോഗികളുടെ ചികിത്സയും പരിചരണവും ഏകോപിപ്പിക്കുന്നതിനായി എറണാകുളം ടൗൺ ഹാളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം, ഹെൽപ്പ് ഡെസ്‌ക് എന്നിവ പ്രവർത്തനമാരംഭിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ആശ്വാസ നടപടികളും ചർച്ച ചെയ്യുന്നതിനായി ഇന്നലെ ഓൺലൈനായി ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് തീരുമാനം. രോഗികൾക്ക് അടിയന്തര ചികിത്സ നൽകേണ്ട സാഹചര്യം മുന്നിൽ കണ്ട് മൊബൈൽ യൂണിറ്റ് ആരംഭിക്കും. ഇതിൽ ഒരു നഴ്‌സിന്റെ സേവനവും ഓക്‌സിജൻ സൗകര്യവും അത്യാവശ്യ മരുന്നുകളും ഉറപ്പാക്കും.

 വാക്സിനേഷൻ ഡിവിഷൻതലത്തിൽ

നാളിതുവരെ 37 ഡിവിഷനുകളിലെ ഒന്നാം ഡോസ് വാക്‌സിനേഷൻ പൂർത്തിയായി. അവശേഷിക്കുന്ന 37 ഡിവിഷനുകളിലെ ഒന്നാം ഡോസ് വാക്‌സിനേഷൻ അതത് ഡിവിഷനുകളിൽ വച്ച് നടത്തും. തുടർന്ന് എല്ലാ ഡിവിഷനുകളിലെയും രണ്ടാം ഡോസ് വാക്‌സിനേഷൻ ഹെൽത്ത് സെന്ററുകളുടെ കീഴിലുളള 12 കേന്ദ്രങ്ങളിലായി ആരംഭിക്കും. കൗൺസിലർമാർ അതാത് ഡിവിഷനിലേക്കുള്ള വാക്‌സിനേഷൻ വാക്‌സിന്റെ ലഭ്യതയനുസരിച്ച് ടോക്കൺ നൽകി നടപ്പാക്കണം. ഒരിടത്തും സ്‌പോട്ട് ബുക്കിംഗ്, ഓൺലൈൻ ബുക്കിംഗ് ഉണ്ടായിരിക്കുന്നതല്ല.

 രണ്ടാം ഡോസുകാർ തിരക്കുകൂട്ടേണ്ട
രണ്ടാം ഡോസ് എടുക്കേണ്ടവർ തിരക്കു കൂട്ടേണ്ടതില്ല. കൊവിഷീൽഡ് എടുത്തിട്ടുളളവർക്ക് 84 ദിവസം വരെ സമയമുണ്ട്. അതിനാൽ ഒന്നാം ഡോസ് എടുത്ത് 60 ദിവസം കഴിഞ്ഞവർ ഒന്നാം ഡോസ് എടുത്തുവെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് കൗൺസിലറെ ഏൽപ്പിക്കണം. കൗൺസിലർമാർ വാക്‌സിൻ ലഭ്യതക്കനുസരിച്ച് ഇത്തരക്കാർക്ക് 2ാം ഡോസ് എടുക്കുന്നതിന് മുൻഗണന നൽകും

 പൊതുവീഥകളിൽ

അണുനശീകരണം

കോർപ്പറേഷന്റെ പ്രധാന റോഡുകളിലും ഇട റോഡുകളിലും ആളുകൾ കൂടുന്നിടങ്ങളിലും രോഗവ്യാപനമുളള ഇടങ്ങളിലും 5000 , 10000 ലിറ്റർ സംഭരണ ശേഷിയുളള ടാങ്കർ വാഹനം ഉപയോഗിച്ച് അണുനശീകരണം നടത്തും.