ആലുവ: കൊവിഡ് ബാധിച്ച് മരിച്ച റിട്ട. സൈനികന്റെ മൃതദേഹം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംസ്‌കരിച്ചു. ചൂർണിക്കര ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡ് തായിക്കാട്ടുകര കെ.എം.എ അപ്പാർട്ട്‌മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന സോമശേഖരൻ നായരാണ് (68) ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പച്ചാളം ശ്മശാനത്തിലായിരുന്നു സംസ്‌കാരം. രണ്ടാഴ്ച മുമ്പാണ് സോമശേഖരൻ നായർക്ക് രോഗം ബാധിച്ച് ആശുപത്രിയിലായത്. ഭാര്യ അംബികകുമാരിക്കും രോഗം ബാധിച്ചെങ്കിലും വീട്ടിലായിരുന്നു. തിരുവന്തപുരത്ത് താമസിക്കുന്ന മകളെ നാട്ടുകാർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. സൈനികനായ മകൻ കുടുംബമായി കേരളത്തിന് പുറത്താണ്.
ഫ്ളാറ്റുടമ ചൂർണിക്കര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. മുഹമ്മദ് ഷെഫീക്കിനെ വിവരം അറിയിച്ചതിനെത്തുടർന്നാണ് യൂത്ത് കോൺഗ്രസ് യൂത്ത് കെയർ പ്രവർത്തകർ സംസ്‌കാര ചടങ്ങുകൾ ഏറ്റെടുത്തത്. അംബികയെ കൊവിഡ് പരിശോധന നടത്തി നെഗറ്റീവായതിനെത്തുടർന്ന് മൃതദേഹം കാണിച്ചു. റംസാൻ നോമ്പായിട്ടും പി.പി.ഇ കിറ്റ് ധരിച്ച് കെ.എസ്. മുഹമ്മദ് ഷെഫീക്ക്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിൻഷാദ് ജിന്നാസ്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സിറാജ് ചേനക്കര, അനസ് എടമുള എന്നിവർ ചേർന്നാണ് സംസ്കാരം നടത്തിയത്. ചൂർണിക്കര പഞ്ചായത്തംഗം രാജേഷ് പുത്തനങ്ങാടിയും ഇവർക്കൊപ്പമുണ്ടായിരുന്നു.