court

കൊച്ചി: സ്ത്രീകളെ സംരക്ഷിക്കാനുള്ള നിയമങ്ങൾ അവരുടെ താത്പര്യങ്ങൾ തകർക്കാനായി ഉപയോഗിക്കുന്നതിനെ ഗൗരവത്തോടെ കാണണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ചവറ കെ.എം.എം.എല്ലിൽ രാത്രിയിലും പകലും ഡ്യൂട്ടിയുള്ള സേഫ്ടി ഒാഫീസർ തസ്തികയിലേക്ക് പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന വിജ്ഞാപനം സിംഗിൾബെഞ്ച് റദ്ദാക്കിയതിനെതിരെ കമ്പനി എം.ഡി നൽകിയ അപ്പീലിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഇക്കാര്യം പറഞ്ഞത്. സേഫ്ടി ഒാഫീസർ തസ്തികയിലേക്ക് സ്ത്രീകൾക്കും അപേക്ഷിക്കാമെന്ന് വ്യക്തമാക്കിയ സിംഗിൾബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷൻബെഞ്ച് നിരസിച്ചു.

രാത്രിയിലും പകലും പ്രവർത്തിക്കേണ്ട തസ്തികകളിൽ സ്ത്രീ ജീവനക്കാരെ നിയോഗിക്കരുതെന്ന ഫാക്ടറി നിയമത്തിലെ സെക്ഷൻ 66 (ഒന്ന്) (ബി) പ്രകാരമാണ് വിജ്ഞാപനമിറക്കിയതെന്ന് കമ്പനി വാദിച്ചെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല. നിയമത്തിൽ ഇത്തരമൊരു വ്യവസ്ഥ ഉൾപ്പെടുത്തിയത് സ്ത്രീകളുടെ അവസരം നിഷേധിക്കാനല്ല, സുരക്ഷ ഉറപ്പാക്കാനാണ്. ഏതു നേരത്തും തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തൊഴിലുടമയാണ്.. സ്റ്റേ നിഷേധിച്ചെങ്കിലും അപ്പീൽ ഫയലിൽ സ്വീകരിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് നൽകാനും നിർദ്ദേശിച്ചു.