ആലുവ: ചായക്കടയുടെ മറവിൽ നിരോധിത പുകയില ഉത്പന്നം വില്പന നടത്തിയ ആൾ പിടിയിൽ. ആലുവ എസ്.എൻ പുരം ഭാഗത്ത് കോഴിക്കാട്ടിൽ വീട്ടിൽ സത്യദേവൻ (60) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്. റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു.
തുടർന്ന് നടത്തിയ റെയ്ഡിൽ ഇയാളുടെ കടയിൽ നിന്നും 300 ലേറെ പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് കണ്ടെത്തിയത്. ആലുവ ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ പി.എസ്. രാജേഷ്, എ.എസ്.ഐ സോജി, സി.പി.ഒമാരായ മാഹിൻഷാ, അബൂബക്കർ, എൻ.എ. മുഹമ്മദ് അമീർ, പി.എ. സജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.