കൊല്ലം കളക്ടറുടെ ഉത്തരവിന് സ്റ്റേ
കൊച്ചി: ആശുപത്രികളിൽ ഒാക്സിജൻ ലഭ്യത ഉറപ്പാക്കേണ്ടത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതലയാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ചവറ കെ.എം.എം.എൽ. കമ്പനിയിൽ ഉത്പാദിപ്പിക്കുന്ന ഒാക്‌സിജൻ കൊല്ലം ജില്ലയിലെ ആശുപത്രികളിൽമാത്രം വിതരണം ചെയ്താൽ മതിയെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്തു. വാതകവിതരണ കമ്പനിയായ ഒാസോൺ ഒാക്സിജൻസിന്റെ ഉടമ അബ്ദുൾ റഹിം നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചുകുര്യൻ തോമസ് ഇക്കാര്യം വാക്കാൽ വ്യക്തമാക്കിയത്. കെ.എം.എം.എൽ കമ്പനിയിലെ ഒാക്സിജൻ ഹർജിക്കാരനടക്കം രണ്ട് വിതരണക്കാർ വാങ്ങുന്നുണ്ട്. ഹർജിക്കാരന്റെ കമ്പനി തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ആശുപത്രികളിൽ വിതരണം ചെയ്യുന്നുണ്ട്. എന്നാൽ രണ്ടാമത്തെ വിതരണക്കാരൻ കൊല്ലം ജില്ലയിലെ ആശുപത്രികളിൽ മാത്രമാണ് ഒാക്സിജൻ നൽകുന്നത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനെന്ന നിലയിലാണ് കൊല്ലം ജില്ലാ കളക്ടർ മറ്റു ജില്ലകളിലേക്ക് ഒാക്സിജൻ വിതരണം ചെയ്യുന്നത് തടഞ്ഞ് ഉത്തരവിറക്കിയത്. മറ്റു ജില്ലകളിലേക്ക് ഒാക്സിജൻ എത്തിക്കാൻ കളക്ടറുടെ ഇൗ ഉത്തരവ് തടസമാകുമെന്നായിരുന്നു ഹർജിക്കാരന്റെ വാദം. തുടർന്നാണ് ഇക്കാര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയല്ല, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞത്. സംസ്ഥാനത്തൊട്ടാകെയുള്ള പ്രശ്നത്തിൽ ഒരു ജില്ലയ്ക്കു മാത്രമായി പ്രാധാന്യംനൽകി നടപ്പാക്കാനാവില്ലെന്നും സിംഗിൾബെഞ്ച് പറഞ്ഞു.