തൃപ്പൂണിത്തുറ: കാർ യാത്രക്കാരെ തടഞ്ഞ് കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ വൈമീതി ചാണയിൽ അരുൺ (24), മരട് അയിനിനട പുല്ലൻ വെളി വീട്ടിൽ മനു പ്രസാദ് (32), ചോറ്റാനിക്കര കടുംഗമംഗലം സുകുമാര വിലാസത്തിൽ ശരത് (25), എരുവേലി കനാൽ റോഡ് കിങ്ങിണിശേരി വീട്ടിൽ ജിനുരാജ് (34) എന്നിവരെയാണ് ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 9.30 ന് ഇരുമ്പനം പുതിയ റോഡ് വിളക്ക് ജംഗ്ഷനിൽ വച്ചാണ് സംഭവം. ഫോട്ടോഗ്രഫർമാരായ പരാതിക്കാരൻ നെടുമ്പാശ്ശേരി പള്ളിയ്ക്കൽ ജോർജ്ജ് വർഗീസും സഹപ്രവർത്തകൻ ശ്രീകുമാറും പേട്ടയിൽ കല്യാണപരിപാടിക്കു ശേഷം സ്വന്തം കാറിൽ അങ്കമാലിക്ക് പോവുകയായിരുന്നു. വിളക്ക് ജംഗ്ഷനിൽ വച്ച് ബൈക്കിൽ എത്തിയ പ്രതികളിൽ രണ്ടുപേർ വാഹനം തടഞ്ഞു നിർത്തി. തങ്ങളുടെ ബൈക്കിൽ കാർ തട്ടിയെന്നും നഷ്ടപരിഹാരം തരണമെന്നും ആവശ്യപ്പെട്ട് കത്തികാട്ടി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. പിന്നീട് ഇവർ വിളിച്ചു വരുത്തിയ സംഘത്തിലെ ബാക്കി രണ്ടു പേർ കൂടി വന്ന് പരാതിക്കാരെ മർദിച്ചു. തുടർന്ന് കത്തിയെടുത്ത് ഭീഷണിപ്പെടുത്തി അടുത്തുള്ള എ.ടി.എമ്മിൽ നിന്ന് പണം പിൻവലിച്ച് അക്കൗണ്ടിലുണ്ടായിരുന്ന 4000 രൂപ തട്ടിയെടുക്കുകയായിരുന്നു.സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇവരെ എ.ടി.എമ്മിലെ സി.സി.ടി.വി ദൃശ്യം മനസിലാക്കി നടത്തിയ അന്വേഷണത്തിൽ ഉദയംപേരൂരിൽ നിന്നും പൊലീസ് പിടികൂടി. സർക്കിൾ ഇൻസ്പെക്ടർ പ്രവീൺ, എസ്.ഐ ടോൾസൺ ജോസഫ്, സി.പി.ഒ മാരായ അനീഷ്, ഷബീർ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.