മൂവാറ്റുപുഴ: കൊവിഡ് ബാധിതനായ മൂവാറ്റുപുഴ ആർ.ഡി.ഒ എ.പി. കിരൺ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതായി പരാതി. ഇത് സംബന്ധിച്ച് എൽ.ഡി.എഫ് മൂവാറ്റുപുഴ നിയോജകമണ്ഡലം കൺവീനർ എൻ. അരുൺ മുഖ്യമന്ത്രിക്കും റവന്യൂവകുപ്പ് മന്ത്രിക്കും പരാതി നൽകി. മൂവാറ്റുപുഴ നിയോജകമണ്ഡലം വരണാധികാരിയും കൊവിഡ് നോഡൽ ഓഫീസറുമായ ആർ.ഡി.ഒ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഓഫീസിലെത്തിയെന്നും

ഇത് കൊവിഡ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് പരാതി.

വ്യാഴാഴ്ചയാണ് ആർ.ഡി.ഒ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയത്. കൊവിഡ് സംശയം മൂലം ആശുപത്രി അധികൃതർ ആന്റിജൻ പരിശോധന നടത്തി രോഗബാധിതനാണെന്ന് കണ്ടെത്തി വിവരം അറിയിച്ചു. എന്നാൽ കൊവിഡ് നോഡൽ ഓഫീസറായ ആർ.ഡി.ഒ നിരീക്ഷണത്തിലിരിക്കാൻ തയ്യാറാകാതെ ഓഫീസിൽ അന്നും പിറ്റേന്നും എത്തിയെന്നും ജീവനക്കാരും ഓഫീസിലെത്തിയവരുമായി സമ്പർക്കമുണ്ടായെന്നും പരാതിയിൽ പറയുന്നു.

സംഭവത്തെക്കുറിച്ച് പ്രതികരണമറിയാൻ ആർ.ഡി.ഒയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.