തൃക്കാക്കര: കൊച്ചി സിറ്റിയിൽ ഈ മാസം മോഷണക്കേസുകളിൽ കുടുങ്ങിയത് 20 പേർ. വാഹന മോഷണവും വീട് കുത്തിത്തുറന്നുള്ള മോഷണങ്ങളും വർദ്ധിച്ച സാഹചര്യത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് 20 പേർ കുടുങ്ങിയത്. പശ്ചിമ ബംഗാൾ സ്വദേശിയായ ഒരാളും, ആലപ്പുഴ,കൊല്ലം, തൃശൂർ, മലപ്പുറം, ഇടുക്കി ജില്ലക്കാരായ ഓരോരുത്തരേയും എറണാകുളം ജില്ലക്കാരായ 14 പേരെയുമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.പ്രതികളിൽ നിന്നും ടിപ്പർ ലോറി, നാല് മോട്ടോർ സൈക്കിളുകൾ , നാല് മൊബൈൽ ഫോൺ , 95700 രൂപ എന്നിവ കണ്ടെടുത്തിട്ടുണ്ട്. വാഹനമോഷണ കേസിൽ അറസ്റ്റിലായ പ്രതികൾ സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഡി.സി.പി ഐശ്വര്യ ഡോങ്‌റെ പറഞ്ഞു.